വോട്ടിട്ടവർ കയ്യിലെ മഷി കാണിച്ചാൽ മതി, ഡിസ്‌കൗണ്ട് ഉറപ്പ്; പ്രഖ്യാപനവുമായി ഹോട്ടൽ ഉടമകൾ

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് 20 ശതമാനം ഇളവ് നൽകുമെന്ന് ഹോട്ടൽ, റസ്റ്റോറന്റ് ഉടമകൾ. ഡൽഹി കരോൾ ബാഗിലെയും നജഫ്ഗഡിലുമാണ് ഈ ഇളവ് നൽകുന്നത്. മേയ് 25ന് ഡൽഹിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. വോട്ട് ചെയ്ത് 24 മണിക്കൂറിനുള്ളിൽ വിരലിലെ മഷി അടയാളം കാണിക്കുമ്പോഴാണ് വോട്ടർമാർക്ക് ഈ ആനുകൂല്യം ലഭിക്കുക. 

കരോൾ ബാഗിലെ ലോഡ്ജിംഗ് ഹൗസ് ഓണേഴ്സ് അസോസിയേഷനും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനും ഡൽഹി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷനുമാണ് ഈ ഇളവ് പ്രഖ്യാപിച്ചത്. ‘ഓരോ വോട്ടും വിലപ്പെട്ടതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പൗരന്മാരെ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ കരോൾ ബാഗ് പ്രദേശത്തെ മറ്റ് വ്യാപാരികളും ഇത്തരത്തിൽ ആകർഷകമായ ഓഫറുകളുമായി മുന്നോട്ട് വരിക. ഇങ്ങനെ ജനങ്ങളെ വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിച്ച് രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിങ്ങൾ സജീവമായ പങ്ക് വഹിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’ – കരോൾ ബാഗ് സോണിലെ ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് മിശ്ര പറഞ്ഞു.

അതേസമയം, ഏപ്രിൽ 19 മുതൽ ജൂൺ ഒന്ന് വരെ ഏഴ് ഘട്ടമായിട്ടാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ജൂൺ നാലിനാണ്. 

Leave a Reply

Your email address will not be published. Required fields are marked *