വീരപ്പൻ വേട്ടയെ തുടർന്ന് അച്ഛനമ്മമാരെ നഷ്ടപ്പെട്ടു; സർക്കാർ 20 ലക്ഷം നഷ്ടപരിഹാരം നൽകണം: 36കാരൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

വീരപ്പൻ വേട്ടയെ തുടർന്ന് അച്ഛനമ്മമാരെ നഷ്ടപ്പെട്ടതിൽ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് 36കാരൻ നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി.

വീരപ്പന്റെ സഹോദരി മാരിയമ്മാളുടെ മകൻ സതീഷ് കുമാർ നൽകിയ ഹർജി ആണ് കോടതി തള്ളിയത്. വീരപ്പനെ കണ്ടെത്താനെന്ന പേരിൽ നടന്ന പൊലീസ് അതിക്രമങ്ങളിൽ അച്ഛനമ്മമാരെ നഷ്ടമായെന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു കൃഷ്ണഗിരി സ്വദേശിയായ സതീശിന്റെ ഹർജി.

പൊലീസ് അതിക്രമങ്ങളെ തുടർന്ന് 1991ൽ മാരിയമ്മാൾ ആത്മഹത്യ ചെയ്തു. 1995 സെപ്റ്റംബറിൽ കർണാടക പൊലീസിന്റെ പിടിയിലായ അച്ഛൻ അർജുനനെ പിന്നീട് കണ്ടിട്ടില്ലെന്നും 1995 ജൂണിൽ അച്ഛൻ മരിച്ചതായി കാണിച്ച് 2001ൽ പഞ്ചായത്ത് സർട്ടിഫിക്കറ്റ് നൽകിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ അർജുനനെ അറസ്റ്റ് ചെയ്തതായി  രേഖകളില്ലെന്ന് സർക്കാർ മറുപടി നൽകി. ഹർജിക്കാരനോട് സഹതാപം ഉണ്ടെന്നും എന്നാൽ 30 വർഷം മുൻപ് നടന്ന കാര്യങ്ങളിൽ ഇപ്പോൾ ഒന്നും ചെയ്യാനാകില്ലെന്നും കോടതി  വ്യക്തമാക്കി.

ഭാവി എന്നൊന്നുണ്ടെന്നും മുന്നോട്ട് പോകേണ്ട സമയമായെന്നും ജസ്റ്റിസ് ഭരത ചക്രവർത്തി ഹർജിക്കാരനെ ഉപദേശിച്ചു. 2004 ഒക്ടോബറിലാണ് വീരപ്പനെ പ്രത്യേക ദൗത്യസംഘം വെടിവച്ച് കൊന്നത്. 

Leave a Reply

Your email address will not be published. Required fields are marked *