വിശാഖപട്ടണത്ത് 17-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പത്തുപേർ അറസ്റ്റിൽ

വിശാഖപട്ടണത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടൽമുറിയിൽവെച്ചും ആർ.കെ.ബീച്ചിന് സമീപത്തുവെച്ചും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പത്തുപേർ അറസ്റ്റിൽ.

ബീച്ചിലെ ഫോട്ടോഗ്രാഫർമാർ അടക്കമുള്ളവരാണ് അറസ്റ്റിലായതെന്നാണ് വിവരം. വിശാഖപട്ടണം, തൂനി, രാജമുണ്ഡ്രി സ്വദേശികളായ ഇവരുടെ കൂടുതൽവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വിശാഖപട്ടണത്തെ ഒരു വീട്ടിൽ ജോലിചെയ്തിരുന്ന 17-കാരിയാണ് അഞ്ചുദിവസത്തോളം കൂട്ടബലാത്സംഗത്തിനിരയായത്. ആൺസുഹൃത്ത് ഉൾപ്പെടെയുള്ളവരാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. തുടർന്ന് നാടുവിട്ട പെൺകുട്ടിയെ പോലീസ് ഒഡീഷയിൽനിന്ന് കണ്ടെത്തുകയും തിരികെ നാട്ടിലെത്തിക്കുകയുമായിരുന്നു.

ഡിസംബർ 18-നാണ് പെൺകുട്ടിയെ കാണാനില്ലെന്ന് പിതാവ് പരാതി നൽകിയത്. ഒരു യുവാവ് മകളെ ആർ.കെ. ബീച്ചിലേക്ക് കൊണ്ടുപോകുന്നതായി വിവരം ലഭിച്ചെന്നും പിതാവ് പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി ഒഡീഷയിലുണ്ടെന്ന് വ്യക്തമായി. ഇതോടെ പോലീസ് സംഘം ഒഡീഷയിലെത്തി പെൺകുട്ടിയെ കണ്ടെത്തുകയും തിരികെ നാട്ടിലെത്തിക്കുകയുമായിരുന്നു.

കടുത്ത മാനസികപ്രയാസത്തിലായിരുന്നതിനാൽ വീട്ടിലെത്തിയിട്ടും പെൺകുട്ടി തനിക്ക് നേരിട്ട പീഡനത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. ഡിസംബർ 30-നാണ് കൂട്ടബലാത്സംഗത്തെക്കുറിച്ച് പെൺകുട്ടി പോലീസിന് മൊഴി നൽകിയത്. തുടർന്ന് പോലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

വിശാഖപട്ടണത്തെ ഹോട്ടലിൽവെച്ച് ആൺസുഹൃത്താണ് തന്നെ ആദ്യം ബലാത്സംഗം ചെയ്തതെന്നാണ് പെൺകുട്ടിയുടെ മൊഴി. ആൺസുഹൃത്ത് നഗരത്തിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഇവിടെവെച്ച് ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. പിന്നാലെ ആൺസുഹൃത്ത് അയാളുടെ സുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഇയാളും ലൈംഗികമായി പീഡിപ്പിച്ചു. ഇതോടെ മാനസികമായി തകർന്ന പെൺകുട്ടി ഹോട്ടൽ വിട്ടിറങ്ങുകയും ജീവനൊടുക്കാൻ ആലോചിക്കുകയുമായിരുന്നു.

ആത്മഹത്യ ചെയ്യാനായി ആർ.കെ. ബീച്ചിലേക്കാണ് പെൺകുട്ടി പോയത്. പെൺകുട്ടി തനിച്ച് ബീച്ചിൽനിൽക്കുന്നത് അവിടെയുണ്ടായിരുന്ന ഒരു ഫോട്ടോഗ്രാഫർ ശ്രദ്ധിച്ചിരുന്നു. ഇയാൾ പെൺകുട്ടിയെ സമാധാനിപ്പിക്കുകയും ഇയാളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. എന്നാൽ, ഇവിടെവെച്ച് ഇയാളും ഇയാളുടെ സുഹൃത്തുക്കളായ ഏഴുപേരും പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ഇവിടെനിന്ന് രക്ഷപ്പെട്ടാണ് ഒഡീഷയിലേക്ക് പോയതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *