വിവേകാനന്ദപ്പാറയില്‍ മൂന്നു ദിവസങ്ങളിലായി 45 മണിക്കൂര്‍ മോദി ധാന്യത്തിലിരിക്കും; വന്‍ സുരക്ഷാവിന്യാസം

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടില്‍നിന്ന് വിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക മൂന്നു ദിവസങ്ങളിലായി 45 മണിക്കൂര്‍. 30ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വൈകിട്ട് 4.55ന് കന്യാകുമാരിയില്‍ എത്തും.

തുടര്‍ന്ന് കന്യാകുമാരി ക്ഷേത്രദര്‍ശനത്തിനു ശേഷം ബോട്ടില്‍ വിവേകാനന്ദപ്പാറയിലേക്കു പോകും. എട്ട് ജില്ലാ പൊലീസ് മേധാവിമാരടക്കം രണ്ടായിരത്തിലധികം പൊലീസുകാരെ കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റര്‍ പരീക്ഷണപ്പറക്കല്‍ നടത്തി.

ധ്യാനത്തിനുശേഷം ജൂണ്‍ ഒന്നിന് വൈകീട്ടോടെ തിരുവനന്തപുരം വഴി ഡല്‍ഹിയിലേക്ക് തിരിച്ചുപോകും. വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത് ആദ്യമായാണ്. 2019ല്‍ കേദാര്‍നാഥ് ക്ഷേത്രത്തിനടത്തുള്ള ഗുഹയില്‍ പ്രധാനമന്ത്രി ധ്യാനം ഇരുന്നിരുന്നു.

1892 ഡിസംബര്‍ 23, 24, 25 തീയതികളില്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന പാറയില്‍ 1970ലാണു സ്മാരകം പണിതത്. കരയില്‍നിന്ന് 500 മീറ്ററോളം അകലെയാണ് പാറ. കന്യാകുമാരി ദേവിയുടെ പാദമുദ്ര പതിഞ്ഞ പാറയാണെന്നാണ് സങ്കല്‍പം.

Leave a Reply

Your email address will not be published. Required fields are marked *