വിവാഹേതര ബന്ധമുണ്ടെന്ന് ആരോപണം; ഭാര്യയുടെ കഴുത്തറുത്ത ശേഷം യുവാവ് ജീവനൊടുക്കി

വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. രാജസ്ഥാനിലെ ഉദ്യോഗ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൈലാഷ് ബഗാരി(29)യാണ് ഭാര്യ ടിങ്കു ബായിയെ(26) കൊലപ്പെടുത്തിയത്.

ഉദ്യോഗ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രേം നഗർ-2 കോളനിയിലെ വാടകവീട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മധ്യപ്രദേശിലെ മൗ സ്വദേശിയായ ബഗാരി 10 വർഷം മുമ്പാണ് ബായിയെ വിവാഹം കഴിച്ചത്.ഏഴും അഞ്ചും വയസുള്ള രണ്ടു പെണ്‍കുട്ടികളും ഇവര്‍ക്കുണ്ട്. കൂലിപ്പണിക്കാരനായിരുന്നു കൈലാഷ്. ടിങ്കു ജങ്ക് ഡീലറുടെ കടയിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും ഫോണിൽ ഇടയ്ക്കിടെ സംസാരിക്കുന്നതിനാൽ കടയുടെ ഉടമയുമായി ബായിക്ക് ബന്ധമുണ്ടെന്ന് ബഗാരി സംശയിച്ചു. ഇതിനെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ അടിക്കടി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് സർക്കിൾ ഓഫീസർ ഡിഎസ്പി ധർമ്മവീർ സിംഗ് പറഞ്ഞു.

ചൊവ്വാഴ്‌ച രാത്രി പെൺകുട്ടികൾ മറ്റൊരു മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഈ സമയം ടിങ്കുവും കൈലാഷും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍ ബഗാരി കത്തി കൊണ്ട് ഭാര്യയുടെ കഴുത്തറുക്കുകയായിരുന്നു. ടിങ്കുവിന്‍റെ സഹോദരൻ നരേന്ദ്ര ബുധനാഴ്ച ഉച്ചയോടെ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

അതിനിടെ, ബുധനാഴ്ച രാവിലെ അനന്ത്പുര പൊലീസ് സ്റ്റേഷന് കീഴിലുള്ള റെയിൽവേ ട്രാക്കിൽ നിന്ന് വികൃതമായ ഒരാളുടെ മൃതദേഹം കണ്ടെത്തി.മൃതദേഹം ബഗാരിയുടേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.ഇയാള്‍ ജീവനൊടുക്കിയതാണെന്ന് ഡിഎസ്പി പറഞ്ഞു.ബഗാരിയുടെ കയ്യിൽ നിന്ന് ഫോൺ നമ്പറുള്ള പേപ്പർ സ്ലിപ്പും “ഇയാളെ വെറുതെ വിടരുത്” എന്ന ഒറ്റവരി കുറിപ്പും പൊലീസ് കണ്ടെടുത്തു.ബഗാരിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കുറിപ്പിൽ പറഞ്ഞിരിക്കുന്ന നമ്പറും അജ്ഞാതനെയും കണ്ടെത്താൻ വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *