വിവാഹാഭ്യർഥന നിരസിച്ചു; 13കാരിക്ക് നഗ്‌നചിത്രമയച്ചു: യുവാവ് അറസ്റ്റിൽ

വിവാഹവാ​ഗ്ദാനം നടത്തുകയും ഇത് നിരസിച്ചപ്പോൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയ്ക്ക് ന​ഗ്നചിത്രമയയ്ക്കുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 13കാരിയുടെ പരാതിയിലാണ് നടപടി.

വാഗ്‌ലെ എസ്റ്റേറ്റ് പ്രദേശത്തെ താമസക്കാരിയായ പെൺകുട്ടി മാസങ്ങൾക്ക് മുമ്പ് അമ്മയുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റന്റ് മെസേജിങ് ആപ്പിൽ അക്കൗണ്ട് തുറക്കുകയും പ്രതിയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുകയും ചെയ്തതായി താനെയിലെ ശ്രീനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

തുടർന്ന് ഇരുവരും പരസ്പരം ചാറ്റിങ് ആരംഭിച്ചു. ഇതിനിടെ, പെൺകുട്ടിയെ 18 വയ‌സ് തികയുമ്പോൾ വിവാഹം കഴിക്കാമെന്ന് പ്രതി പറഞ്ഞു. കൂടാതെ പെൺകുട്ടിയെ ഒരിക്കൽ ഇയാൾ അനുചിതമായി സ്പർശിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നാൽ ഇയാളുടെ ആവശ്യത്തോട് പെൺകുട്ടി പ്രതികരിക്കാതെ വന്നതോടെ സ്വന്തം കൈത്തണ്ട ബ്ലേഡ് കൊണ്ട് മുറിച്ചു. പിന്നീട് പ്രതി തന്റെ നഗ്നചിത്രങ്ങളും പെൺകുട്ടിക്ക് അയച്ചുകൊടുത്തു. നിരന്തരമായ ഇത്തരം ഉപദ്രവങ്ങളെ തുടർന്ന് പെൺകുട്ടി കടുത്ത മാനസിക ആഘാതത്തിലായതായും പൊലീസ് പറഞ്ഞു.

തുടർന്ന് ഞായറാഴ്ച പരാതിയുമായി പെൺകുട്ടി പൊലീസിനെ സമീപിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ഐപിസി 354 ഡി, 366 എ വകുപ്പുകളും പോക്സോ, ഐടി നിയമങ്ങളിലെ വിവിധ വകുപ്പുകളും പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *