വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിയെ യുവാവ് കഴുത്തറുത്തുകൊന്നു

അദ്ധ്യാപികയെ ക്ളാസ് മുറിക്കുള്ളിൽ കുത്തിക്കൊന്നു. തമിഴ്‌നാട്ടിലാണ് സംഭവം. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണിയാണ് കൊല്ലപ്പെട്ടത്. മല്ലിപ്പട്ടണത്തെ സർക്കാർ സ്‌കൂളിൽ ഇന്നുരാവിലെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.എം മദനൻ കുമാർ (30) ആണ് പ്രതി.

വിവാഹാഭ്യർത്ഥന നിരസിച്ചതിന് 26കാരിയായ അദ്ധ്യാപികയെ ക്ളാസ് മുറിക്കുള്ളിൽവച്ച് വിദ്യാർത്ഥികളു‌ടെ മുന്നിൽ കുത്തിക്കൊല്ലുകയായിരുന്നു. കഴുത്തിൽ ഗുരുതരമായി മുറിവേറ്റ രമണിയെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് മാസം മുൻപാണ് അദ്ധ്യാപികയായി രമണി ചുമതലയേറ്റത്.

ഒരേ ഗ്രാമത്തിൽ താമസിക്കുന്നവരാണ് ഇരുവരും. വിവാഹം കഴിക്കണമെന്ന ആവശ്യവുമായി മദനൻ രമണിയുടെ കുടുംബത്തെ സമീപിച്ചെങ്കിലും വീട്ടുകാർ ആലോചന നിരസിച്ചു. ഇന്നലെ ഗ്രാമത്തിലെ ചില മുതിർന്നവർ മദനനെ വിളിച്ച് ഉപദേശിക്കുകയും ചെയ്തിരുന്നു.

വിവാഹാഭ്യർത്ഥനയിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. ഇതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതി മദനൻ അറസ്റ്റിലായിട്ടുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നൽകുമെന്ന് സംഭവത്തിൽ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *