വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്രയുടെ യാത്രാവിലക്ക് നീട്ടി എയർ ഇന്ത്യ

ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയായ സ്ത്രീയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കർ മിശ്രയുടെ യാത്രാവിലക്ക് എയർ ഇന്ത്യ നാല് മാസത്തേക്ക് കൂടി നീട്ടി. നേരത്തെ ഒരുമാസത്തേക്കായിരുന്നു ഇയാളെ വിമാനത്തിൽ കയറുന്നതിൽ നിന്നും വിലക്കിയിരുന്നത്. ഇതാണ് നീട്ടിയത്.

നവംബർ 26 ന് ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കര് മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. എന്നാൽ ദിവസങ്ങൾക്ക് ശേഷമാണ് എയർ ഇന്ത്യ പരാതി പൊലീസിന് കൈമാറിയത്.

പരാതിക്ക് പിന്നാലെ, എയർ ഇന്ത്യ ശങ്കര് മിശ്രയെ 30 ദിവസത്തേക്ക് വിമാനയാത്രയിൽ നിന്ന് വിലക്കി. സംഭവം കൈകാര്യം ചെയ്ത ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോ​ഗിക്കുകയും ചെയ്തു. മോശമായോ അനുചിതമായോ പെരുമാറുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ എയർലൈൻ ജീവനക്കാർ പരാജയപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്ന് ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുന്നറിയിപ്പ് നൽകി. 

Leave a Reply

Your email address will not be published. Required fields are marked *