വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ; ഇരുവരും അടുത്ത മാസം നടക്കുന്ന ഹരിയാന തെരഞ്ഞെടുപ്പിൽ മത്സരിക്കും

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നെന്ന് റിപ്പോർട്ട്. ഇരുവരും അടുത്ത മാസം ഹരിയാനയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണ്ട ശേഷമാണ് ഇരുവരും പാർട്ടിയിൽ അംഗത്വമെടുത്തത്. പാരിസ് ഒളിമ്പിക്സിനു ശേഷം നാട്ടിൽ മടങ്ങിയെത്തിയ വിനേഷ് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ സിങ്ങിനെതിരായ ലൈഗികാരോപണത്തെ തുടർന്നുണ്ടായ പ്രതിഷേധ പരിപാടികളിൽ മുൻനിരയിലുണ്ടായിരുന്നവരാണ് വിനേഷും ബജ്‌രംഗും. ഗുസ്തിതാരങ്ങൾ സമരം നടത്തിയവേളയിൽ താരങ്ങൾക്ക് പൂർണ പിന്തുണയുമായി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ആരോപണത്തെ തുടർന്ന് സിറ്റിങ് എം.പിയായിരുന്ന ബ്രിജ് ഭൂഷനെ ബി.ജെ.പി തെരഞ്ഞെടുപ്പിൽനിന്ന് മാറ്റിനിർത്തിയിരുന്നു.

മാത്രമല്ല കഴിഞ്ഞ ദിവസം കർഷക സമരവേദിയിലെത്തിയും കേന്ദ്രസർക്കാരിനെതിരെ വിനേഷ് ഫോഗട്ട് രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിലെ കർഷകരുടെ സമരപന്തലിലാണ് വിനേഷ് എത്തിയത്. കർഷകന്‍റെ മകളായ താൻ എന്നും കർഷക പ്രതിഷേധങ്ങൾക്കൊപ്പം നിൽക്കും. കർഷകരാണ് രാജ്യത്തിന്‍റെ ശക്തി. അവരെ കേൾക്കാൻ സർക്കാർ തയാറാകണം. കർഷകർ തെരുവിൽ ഇരുന്നാൽ രാജ്യത്തിന് പുരോഗതിയുണ്ടാകില്ലെന്നും വിനേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *