വിദ്വേഷ പരാമർശം; അണ്ണാമലൈയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി

ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി.വിദ്വേഷ പരാമര്‍ശ കേസിലെ ഉത്തരവിലാണ് അണ്ണാമലൈക്കെതിരെ കോടതി ആഞ്ഞടിച്ചത്. അണ്ണാമലൈ സമൂഹത്തെ വിഭജിക്കാനും വര്‍ഗീയ ചിന്ത ഉണര്‍ത്താനും ശ്രമിച്ചതായി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ വ്യക്തമാക്കി. വിദ്വേഷപരാമർശമുള്ള ആറ് മിനിറ്റ് വീഡിയോ മാത്രമാണ് ബിജെപി ട്വിറ്ററിൽ പങ്കുവച്ചത്. 45 മിനിട്ടുള്ള അഭിമുഖത്തിലെ മറ്റു ഭാഗങ്ങൾ ഒഴിവാക്കിയതിന്‍റെ ലക്ഷ്യം വ്യക്തമാണെന്നും ജസ്റ്റിസ് നിരീക്ഷിച്ചു. ദീപാവലിക്ക് രണ്ടു ദിവസം മുൻപാണ് അഭിമുഖം പുറത്തുവിട്ടത്. ക്രിസ്ത്യാനികൾ ഹിന്ദുസംസ്കാരത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന പ്രചാരണത്തിന് ശ്രമിച്ചു.

സമൂഹത്തെ വിഭജിക്കാനും വർഗീയചിന്ത ഉണർത്താനുമാണ് ശ്രമിച്ചത്. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ബിജെപി നേതാവിന് നിയമം അറിയാവുന്നതാണ്. വിദ്വേഷപരാമർശം കാരണം ഉടൻ സംഘർഷം ഉണ്ടായോ എന്നല്ല നോക്കേണ്ടത്. ലക്ഷ്യം വെച്ചയാളുകളുടെ ചിന്താഗതിയിലെ മാറ്റവും കണക്കിലെടുക്കണം. ഇത് പിന്നീട് അക്രമത്തിലേക്കും വംശഹത്യയിലേക്കും വരെ നയിച്ചേക്കാം. പരാമർശങ്ങൾ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന നിലയിൽ ട്വിറ്ററിൽ നിലനിർത്തി. മൈതാനപ്രസംഗത്തേക്കാൾ അപകടകരമാണ് സോഷ്യൽ മീഡിയയിലെ വീഡിയോകളെന്നും മതത്തെ കലഹത്തിനുള്ള ഉപാധിയാക്കിയാൽ രാജ്യത്തിന്‍റെ മതേതരഘടന തകരുമെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *