കേരളം വ്യവസായ സൗഹൃദമല്ലെന്ന് മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ പ്രകാശ് ജാവഡേക്കര്‍. വ്യവസായികൾ കേരളം വിട്ടുപോവുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജാവഡേക്കര്‍.
വിദ്യാസമ്പന്നരായ യുവാക്കൾ നാടുവിട്ടുപോകുകയാണെന്ന് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. കാലത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കാത്തതാണ് ഇതിനു കാരണം. യു.ഡി.ഫും എല്‍.ഡി.എഫും ഇക്കാര്യത്തിൽ തുല്യ ഉത്തരവാദികളാണ്. രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും ജോലി തേടിപ്പോകുന്ന മലയാളികളെ കാണാം. കേരളത്തിന്റെ ഈ സാഹചര്യം കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ സംരംഭങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരളം പരാജയപ്പെടുന്നു. കിറ്റക്സ് അടക്കമുള്ള കമ്പനികൾ സംസ്ഥാനം വിടുന്നതിന് ഇതാണ് കാരണം. സംരംഭങ്ങൾ തുടങ്ങാൻ കേരളത്തിൽ വലിയ പ്രയാസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തി. മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഏക സിവിൽ കോഡ് നിലവിലുണ്ടെന്ന് ജാവഡേക്കര്‍ ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ത്യയിൽ മാത്രം ഇത് ആവശ്യമില്ല എന്ന അവസരവാദ നിലപാടാണ് മുസ്‌ലിം ലീഗിന്. ഭരണഘടയിൽ സിവിൽ കോഡിനെപ്പറ്റി രേഖപ്പെടുത്തിയ സമയത്ത് ബി.ജെ.പി. എന്ന പാർട്ടി പോലും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അത് നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ എങ്ങിനെയാണ് ജനങ്ങളിൽ വിവേചനം ഉണ്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു.