വിജയ് മല്യക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു

മദ്യവ്യവസായി വിജയ് മല്യക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കുമായി ബന്ധപ്പെട്ട 180 കോടി രൂപയുടെ വായ്പാ കുടിശ്ശിക കേസിലാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.പി നായിക് നിംബാല്‍ക്കറുടേതാണ് ഉത്തരവ്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരിലെടുത്ത വായ്പ തിരിച്ചടക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തുകയും ബാങ്കിന് 180 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നുമാണ് കേസ്.

2007നും 2012നും ഇടയില്‍ ഐ.ഒ.ബിയില്‍നിന്ന് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് നേടിയ വായ്പ വകമാറ്റിയെന്നാരോപിച്ച് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കുറ്റപത്രം പരിഗണിച്ച് സി.ബി.ഐ കോടതി മല്യക്കും കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്കും സമന്‍സ് അയച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒളിവില്‍പോയ മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ലണ്ടനില്‍ കഴിയുന്ന മല്യയെ വിട്ടുകിട്ടാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *