വാതുവെപ്പ് നടത്തി ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ജനാധിപത്യം നിലനിൽക്കില്ല; ഛത്തീസ്‌ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ

വാതുവെപ്പ് നടത്തി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കില്ലെന്ന് ഛത്തീസ്‍ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍.രാജ്നന്ദ്ഗാവ് സീറ്റില്‍ നിന്നും മത്സരിക്കുന്ന ബാഗേല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു.

”ജനാധിപത്യവും ഭരണഘടനയും അപകടത്തിലാണ്. അവര്‍ 400 സീറ്റ് മുദ്രാവാക്യം ഉയര്‍ത്തുകയാണ്. ‘മാച്ച് ഫിക്‌സിംഗ്’ നടത്തി തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ രാജ്യത്ത് ജനാധിപത്യം നിലനിൽക്കില്ല” ബാഗേല്‍ കൂട്ടിച്ചേര്‍ത്തു. ബാഗേലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ രാജ്നന്ദ്ഗാവ് സംസ്ഥാനത്തെ ഹൈ പ്രൊഫൈല്‍ മണ്ഡലമായി മാറിയിരിക്കുകയാണ്. സിറ്റിങ് എം.പി സന്തോഷ് പാണ്ഡെയാണ് ഇവിടുത്തെ ബി.ജെ.പി സ്ഥാനാര്‍ഥി.

നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാതുവെപ്പ് നടത്തുകയാണെന്ന് ആരോപിച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ തട്ടിപ്പ് നടത്താതെയും മാധ്യമങ്ങളെയും സോഷ്യൽ മീഡിയയേയും സമ്മർദ്ദം ചെലുത്താതെയും അവർ ഈ പറയുന്ന 400 സീറ്റ് എങ്ങനെ ലഭിക്കാനാണെന്നുമായിരുന്നു രാഹുലിന്‍റെ ചോദ്യം. ഛത്തീസ്ഗഢിലെ 11 സീറ്റുകളിലേക്കായി മൂന്ന് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്.ഛത്തീസ്ഗഡിലെ ബസ്തർ സീറ്റിൽ ഏപ്രിൽ 19 നും കാങ്കർ രാജ്നന്ദ്ഗാവ്, മഹാസമുന്ദ് സീറ്റുകളിൽ ഏപ്രിൽ 26 നും വോട്ടെടുപ്പ് നടക്കും. – ദുർഗ്, റായ്പൂർ, ജഞ്ജ്ഗിർ-ചാപ്പ, കോർബ, സർഗുജ, റായ്ഗഡ്, ബിലാസ്പൂർ എന്നിവിടങ്ങളിൽ മേയ് 7നുമാണ് വോട്ടെടുപ്പ്.

രാജ്നന്ദ്ഗാവ് ലോക്സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 26നാണ്. ബി.ജെ.പിയുടെ കോട്ടയായ ഈ സീറ്റില്‍ 2007ലെ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തകർത്ത് കോൺഗ്രസ് വിജയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *