വനിതാ തടവുകാര്‍ ഗര്‍ഭിണികളാകുന്നു; പുരുഷ ജീവനക്കാരെ വിലക്കണം: റിപ്പോര്‍ട്ടുമായി അമിക്കസ് ക്യൂറി

പശ്ചിമ ബംഗാളിലെ ജയിലുകളില്‍ കഴിയുന്ന വനിതാ തടവുകാർ ഗർഭിണികളാകുന്നുവെന്ന് റിപ്പോർട്ട്. ജയിലുകളില്‍ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി കല്‍ക്കട്ട ഹൈക്കോടതിക്ക് റിപ്പോർട്ട് കൈമാറി.

സംസ്ഥാനത്തെ ജയില്‍ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് അമിക്കസ് ക്യൂറി ഇക്കാര്യം അറിയിച്ചത്. തടവുകാരെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്ത് പുരുഷ ജീവനക്കാരെ വിലക്കണമെന്ന് അമിക്കസ് ക്യൂറി നിർദേശിച്ചു.

വ്യാഴാഴ്ചയാണ് അമിക്കസ് ക്യൂറി വനിത തടവുകാരെ പാർപ്പിച്ച ഇടങ്ങളില്‍ പുരുഷ ജീവനക്കാരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നല്‍കിയത്. വനിതാ തടവുകാർ ഗർഭിണികള്‍ ആയ കാലഘട്ടത്തേക്കുറിച്ചും ഗർഭിണികളായത് എങ്ങനെയാണെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടില്‍ വിശദമാക്കിയിട്ടില്ല. ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് തിങ്കളാഴ്ച പരിഗണിക്കും.

വനിതാ തടവുകാരെ ജയിലുകളിലേക്ക് അയയ്ക്കുന്നിന് മുൻപ് അവർ ഗർഭിണിയാണോയെന്ന പരിശോധന നടത്തണമെന്നുള്ള നിർദ്ദേശം റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നുണ്ട്. വനിതാ ജയിലിനുള്ളില്‍ 15 കുട്ടികളെ കണ്ടെത്തിയെന്നും ഇതില്‍ 10 ആണ്‍കുട്ടികളും 5 പെണ്‍കുട്ടികളുമാണ് ഉള്ളത്. അലിപൂരിലെ വനിതാ ജയിലനുള്ളിലാണ് 15 കുട്ടികളെ അമിക്കസ് ക്യൂറി കണ്ടെത്തിയത്.

തടവുകാരുമായി സംസാരിച്ചതിന്റെ വെളിച്ചത്തില്‍ പല തടവുകാരും ജയിലിനുള്ളില്‍ തന്നെയാണ് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ജയിലില്‍ പ്രാഥമിക ആരോഗ്യ സംവിധാനങ്ങളിലെ പോരായ്മയും റിപ്പോർട്ട് വിശദമാക്കുന്നു.

വനതി തടവുകാരുടെ എണ്ണം ജയിലുകളില്‍ വർധിക്കുന്നതും റിപ്പോർട്ട് വിശദമാക്കുന്നുണ്ട്. ഡം ഡമ്മിലെ വനിതാ ജയിലിനുള്ളില്‍ 400 വനിതാ തടവുകാരാണ് താമസിക്കുന്നത്. ഇതിനിടയില്‍ 90ഓളം തടവുകാരെ അലിപൂരില്‍ നിന്ന് ഡംഡമ്മിലേക്ക് എത്തിച്ചതായും റിപ്പോർട്ട് വിശദമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *