ലോൺ ആപ്പുകൾ; കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ അധ്യക്ഷതയിൽ ദില്ലിയിൽ ഉന്നതലയോഗം

ലോൺ ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്രം. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ അധ്യക്ഷതയിൽ ദില്ലിയിൽ ഉന്നതലയോഗം ചേർന്നു. റിസർവ് ബാങ്ക്, ധന ഐടി മന്ത്രാലയ ഉദ്യോഗസ്ഥർ യോ​ഗത്തിൽ പങ്കെടുത്തു. നിലവിലെ ആപ്പുകളുടെ നിയന്ത്രണം സംബന്ധിച്ച് പ്രസൻ്റേഷനും നടന്നു. അംഗീകൃത ആപ്പുകളുടെ പട്ടിക പുറത്തിറക്കുന്നതിനെ സംബന്ധിച്ചും ചർച്ച നടന്നു. ആദ്യ ഘട്ട യോഗമാണ് നടന്നതെന്ന് ഐ ടി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

കേരളത്തില്‍ ലോണ്‍ ആപ്പിന്‍റെ ചതിക്കെണിയില്‍ പെട്ട് ജീവനൊടുക്കിയവരുടെ വാര്‍ത്തകളാണ് ഓരോ ദിവസം പുറത്തുവരുന്നത്. തുടര്‍ന്ന് കടുത്ത നടപടികളുമായി കേരള പൊലീസ് രംഗത്തെത്തിയിരുന്നു. പ്ലേ സ്റ്റോറില്‍ നിന്ന് 70ഓളം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്‌തെന്ന് കേരളാ പൊലീസ് അറിയിച്ചു. സൈബര്‍ ഓപ്പറേഷന്‍ സംഘമാണ് വ്യാജ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്‌തെന്ന് പൊലീസ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. 

72 വെബ്‌സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും കേരളാ പൊലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. സൈബര്‍ ഓപ്പറേഷന്‍ എസ്പിയാണ് കഴിഞ്ഞ ആഴ്ച നോട്ടീസ് നല്‍കിയത്. തട്ടിപ്പ് നടത്തുന്ന ലോണ്‍ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസ് നല്‍കിയിരുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *