ലോക്സഭ തെരഞ്ഞെടുപ്പ്: ആറാംഘട്ട വോട്ടെടുപ്പിൽ പോളിങ് 59.62 ശതമാനം; കൂടുതൽ ബം​ഗാളിൽ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 59.62 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏഴുസംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ജമ്മു-കശ്മീരിലുമായി 58 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. ബിഹാർ (8 മണ്ഡലങ്ങൾ), ഹരിയാണ(10), ജാർഖണ്ഡ് (4), ഡൽഹി (7), ഒഡിഷ (6), ഉത്തർപ്രദേശ് (14), പശ്ചിമ ബംഗാൾ (8), ജമ്മുകശ്മീർ (1) എന്നിവയാണ് വോട്ടെടുപ്പുള്ള സംസ്ഥാനങ്ങൾ.

പശ്ചിമബം​ഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത്. 78.20 %. ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടന്ന ഡൽഹിയിൽ 55.85%, ഹരിയാണ 59.28%, ഒഡിഷ 60.07%, ജാർഖണ്ഡ് 63.27%, ബിഹാർ 54.49%, ജമ്മുകശ്മീർ 52.92% എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. അന്തിമ കണക്കുകള്‍ വരുന്നതോടെ പോളിങ് ശതമാനത്തിൽ നേരിയ വ്യത്യാസം ഉണ്ടാകാം എന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിക്കുന്നത്.

തിരഞ്ഞെടുപ്പ് നടന്ന രാജ്യത്തെ പലയിടത്തും കടുത്ത ചൂടായിരുന്നിട്ടും ആവേശം ഒട്ടും ചോരാതെ വോട്ടർമാർ ക്ഷമയോടെ ക്യൂവിൽ നിൽക്കുന്ന കാഴ്ചയാണ് ഉണ്ടായിരുന്നത് എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ കുറിപ്പിൽ പറഞ്ഞു. സമയം അവസാനിക്കാൻ ആയപ്പോഴും ചില പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു എന്നും കമ്മിഷൻ അറിയിച്ചു.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്മാരായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ന്യൂഡല്‍ഹിയിലെ പോളിങ് ബൂത്തില്‍ ഇന്നലെ രാവിലെ 9.30-ഓടെ പോളിങ് ബൂത്തിലെത്തി സമ്മതിദാന അവകാശം വിനിയോഗിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവ്, ഇന്ത്യന്‍ താരവും ബി.ജെ.പി. നേതാവുമായിരുന്ന ഗൗതം ഗംഭീര്‍, ഗുസ്തി താരം ബബിത ഫോഗട്ട് എന്നിവരും ആദ്യമണിക്കൂറുകളില്‍ വോട്ടുരേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഡല്‍ഹിയിലെ പോളിങ് ബൂത്തില്‍ വോട്ടുരേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *