ലോക്‌സഭ തിരഞ്ഞെടുപ്പ്; വാരാണസിയിൽ മോദിക്കെതിരെ ഉത്തർപ്രദേശ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് റായ് മത്സരിക്കും

2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തർപ്രദേശ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് റായ് മത്സരിക്കും. വാരാണസിയിൽ മോദിക്കെതിരെ ഏറ്റുമുട്ടാൻ കോൺഗ്രസ് 17 സ്ഥാനാർത്ഥികളെയാണ് കണ്ടെത്തിയത്. അവസാന ഘട്ടത്തിൽ തിരഞ്ഞെടുത്ത ഒമ്പത് സ്ഥാനാർത്ഥികളിൽ നിന്നാണ് അജയ് റായിക്ക് നറുക്ക് വീണത്. എന്നാൽ പാർട്ടി ഔദ്യോഗികമായി സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.

രാജ്യസഭാംഗമായതോടെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി മത്സരിച്ചിരുന്ന റായ്ബറേലിയിൽ ആര് മത്സരിക്കുമെന്ന കാര്യത്തിലും തീരുമാനമായില്ല. മണ്ഡലത്തിൽ ഇത്തവണ പുതുമുഖത്തെ ഇറക്കാനാണ് സാദ്ധ്യത. റായ്ബറേലിയിൽ എതൊക്കെ നേതാക്കളെ പരിഗണിക്കുന്നു എന്നുള്ള റിപ്പോട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ റായ്ബറേലിയിൽ ഇറക്കാൻ സാദ്ധ്യതയുണ്ട്. പ്രിയങ്കയ്ക്ക് വേണ്ടിയാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതെന്നും അഭ്യൂഹം നേരത്തെ പരന്നിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ട അമേത്തിയിലും ആരെന്ന കാര്യത്തിൽ തീരുമാനമായില്ല. രാഹുൽ വയനാടിനൊപ്പം അമേത്തിയിൽ മത്സരിക്കുമോ എന്ന കാര്യവും കണ്ടറിയണം.

പ്രധാനപ്പെട്ട ഇത്തരം സീറ്റുകളിലെ സ്ഥാനാത്ഥികൾ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം കോൺഗ്രസ് പാർലമെന്ററി യോഗത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ. അതേസമയം, കോൺഗ്രസും സമാജ്വാദി പാർട്ടിയും ഉത്തർപ്രദേശിലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് പങ്കിടൽ കരാർ പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിന് നിർണായക വഴിത്തിരിവാണ്. ആകെയുള്ള 80 സീറ്റുകളിൽ 17 എണ്ണത്തിൽ കോൺഗ്രസ് മത്സരിച്ചേക്കും. സമാജ്വാദി പാർട്ടിയും മുന്നണിയിലെ മറ്റ് പാർട്ടികളും ബാക്കി സീറ്റുകളിൽ മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *