ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ 2023 ൽ തങ്ങളുടെ ആണവശേഖരം വർധിപ്പിച്ചതായി റിപ്പോർട്ട്. യുഎസ്, റഷ്യ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാകിസ്താൻ, ഉത്തര കൊറിയ എന്നിവയുൾപ്പെടെ ഒമ്പത് രാജ്യങ്ങൾ ആണവായുധങ്ങൾ നവീകരിക്കുന്നത് തുടരുകയാണെന്ന് സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ജനുവരിയിലെ കണക്ക് പ്രകാരം ഇന്ത്യയുടെ കൈവശം 172 ആണവായുധങ്ങളുള്ളപ്പോള്‍ പാകിസ്താന്റെ കൈവശം 170 ആണവായുധങ്ങളാണുള്ളത്. നേരിയ വര്‍ധനവ് മാത്രമാണ് ഇന്ത്യയുടെ ആണവായുധശേഖരത്തില്‍ ഉണ്ടായിട്ടുള്ളത്.
ഇന്ത്യയുടെ ആണവായുധ ശേഖരം പ്രധാനമായി പാകിസ്താനെ ലക്ഷ്യംവെച്ചുള്ളതാണെങ്കിലും ചൈനയെയും ലക്ഷ്യമിടാന്‍ ശേഷിയുള്ള ദീര്‍ഘദൂര ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യ ഊന്നല്‍ നല്‍കുന്നുണ്ടെന്നും സിപ്രി റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ചൈനയടെ പക്കല്‍ 2023 ജനുവരിയല്‍ 410 ആണവപോര്‍മുനകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2024 ജനുവരി ആയപ്പോഴേക്കും അത് 500 ആയി വര്‍ധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും ലോകത്താകെയുള്ള ആണവായുധങ്ങളുടെ 90 ശതമാനവും യു.എസിന്റേയും റഷ്യയുടേയും പക്കലാണുള്ളത്. കഴിഞ്ഞ ഒരു വർഷം കൊണ്ട് 36 ഓളം വാർഹെഡുകൾ റഷ്യ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.