ലൈംഗികാതിക്രമ കേസ് ; ബ്രിജ് ഭൂഷൺ ശരൺ സിംഗിന് തിരിച്ചടി , പ്രതിപ്പട്ടികയിൽ ചേർക്കാൻ നിർദേശം നൽകി ഡൽഹി റോസ് അവന്യു കോടതി

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് തിരിച്ചടി. ആറു വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമക്കേസില്‍ ബ്രിജ് ഭൂഷണിനെതിരെ കുറ്റം ചുമത്താൻ ഡൽഹി റൗസ് അവന്യൂ കോടതി ഉത്തരവിട്ടു. വനിതാ താരങ്ങൾ നൽകിയ ആറു കേസുകളിൽ അഞ്ചെണ്ണത്തിലും ബ്രിജ് ഭൂഷണിനെ പ്രതി പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യമായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.

സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 354 വകുപ്പ് പ്രകാരമാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്. നേരത്തെ ഏപ്രിൽ 18ന് കേസിൽ കോടതി വിധി പറയാനിരുന്നതാണ്. എന്നാൽ, ഗുസ്തി ഫെഡറേഷൻ ഓഫിസിൽ തന്‍റെ സാന്നിധ്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ബ്രിജ് ഭൂഷൺ കോടതിക്ക് മുമ്പാകെ അപേക്ഷ സമർപ്പിച്ചതോടെയാണ് വിധി പ്രഖ്യാപനം നീണ്ടു പോയത്. പിന്നാലെ ഏപ്രിൽ 26ന് അദ്ദേഹത്തിന്‍റെ അപേക്ഷ കോടതി തള്ളിയിരുന്നു.

ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 15നാണ് ബ്രിജ് ഭൂഷണിനെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (സ്ത്രീകളുടെ അന്തസ്സ് ഹനിക്കല്‍), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടര്‍ന്ന് ശല്യംചെയ്യല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *