ലൈംഗികാതിക്രമ കേസ് ; പ്രജ്ജ്വൽ രേവണ്ണയ്ക്കായി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

ലൈംഗികാതിക്രമ കേസിൽ പ്രതിയായ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണക്കായി അന്വേഷണ സംഘം ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വൽ ഏഴ് ദിവസത്തെ സാവകാശം തേടിയതിന് പിന്നാലെയാണ് നടപടി. കേസ് ദേശീയ തലത്തിൽ പ്രചാരണ വിഷയമാക്കുകയാണ്‌ കോൺഗ്രസ്‌.

ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വലിന് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ഏഴ് ദിവസത്തെ സാവകാശം വേണമെന്നാണ് പ്രജ്വൽ നോട്ടീസിന് മറുപടി നൽകിയത്. എന്നാൽ ഇത് അംഗീകരിക്കാൻ അന്വേഷണ സംഘം തയ്യാറായില്ല. പ്രജ്വലിനെ എത്രയും പെട്ടന്ന് നാട്ടിലെത്തിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനായാണ്‌ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയത്. ദൃശ്യങ്ങൾ പകർത്തിയ പ്രജ്വലിന്റെ ഫോണും മറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കേണ്ടത് കേസിൽ നിർണായകമാണ്.

പ്രജ്വൽ കൂടുതൽ സമയം വിദേശത്ത് തുടർന്നാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. പീഡനത്തിനിരയായ മൂന്ന് പേരുടെ കൂടി മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അതിനിടെ കേസിൽ പ്രധാനമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. കൊടും കുറ്റവാളിക്കായി വോട്ടുതേടിയ പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ടതോടെ വിഷയത്തിൽ കരുതലോടെയാണ്‌ എൻ ഡി എ സഖ്യത്തിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *