പാകിസ്താനി പെണ്‍കുട്ടിയെ അനധികൃതമായി രാജ്യത്തേക്ക് കൊണ്ടുവന്നതിനും താമസിപ്പിച്ചതിനും യുവാവ് അറസ്റ്റിലായി. ബെംഗളൂരുവില്‍ സെക്യൂരിറ്റി ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി മുലായം സിങ് യാദവി(26)നെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന കാമുകിയും പാകിസ്താന് സ്വദേശിയുമായ പെണ്‍കുട്ടിയെ ‘ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന് ഓഫീസി'(എഫ്.ആര്.ആര്.ഒ)ന് കൈമാറി.
ഓണ്‍ലൈന്‍ ലുഡോ ഗെയിം വഴിയാണ് മുലായം സിങ് യാദവ് പാകിസ്താനി പെണ്‍കുട്ടിയുമായി പ്രണയത്തിലായതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിങ് സ്ഥിരമായി ഓണ്‍ലൈനില്‍ ലുഡോ ഗെയിം കളിച്ചിരുന്നു. ലുഡോ ഗെയിമിലൂടെ കഴിഞ്ഞവര്‍ഷമാണ് പാകിസ്താനി പെണ്‍കുട്ടിയുമായി പരിചയത്തിലായത്. ഈ ബന്ധം പ്രണയമായി വളരുകയും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ബെംഗളൂരുവിലേക്ക് വന്നാല്‍ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാമെന്നായിരുന്നു യുവാവ് പെണ്‍കുട്ടിയോട് പറഞ്ഞത്. ഇരുവരും ചേര്‍ന്ന് ഇതിനുള്ള പദ്ധതികളും തയ്യാറാക്കി. തുടര്‍ന്ന് നേപ്പാള്‍ വഴി കഴിഞ്ഞ സെപ്റ്റംബറിലാണ് പെണ്‍കുട്ടിയെ അനധികൃതമായി ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നും ബെംഗളൂരു വെറ്റ്ഫീല്‍ഡ് ഡി.സി.പി. എസ്.ഗിരീഷ് മാധ്യമങ്ങളോട് പറഞ്ഞു.
ബെല്ലന്ദൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലാണ് യുവാവും കാമുകിയും താമസിച്ചിരുന്നത്. ഇവരെ അനധികൃതമായി താമസിപ്പിച്ചതിനും പോലീസില്‍ വിവരമറിയിക്കാത്തതിനും ക്വാര്‍ട്ടേഴ്സ് ഉടമയായ ഗോവിന്ദ റെഡ്ഡിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.