ലഹരി കടത്തിന് പിന്നില്‍ പാകിസ്താനിലെ ഹാജി സലീം ഗ്രൂപ്പെന്ന് സൂചന: അന്വേഷണം വിപുലമാക്കി എന്‍.സി.ബി

കൊച്ചി പുറംകടലില്‍ കപ്പലില്‍നിന്ന് 15,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം വിപുലമാക്കി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി). മയക്കുമരുന്ന് കടത്തില്‍ അറസ്റ്റ് ചെയ്ത പാകിസ്താന്‍ സ്വദേശി സുബൈറിനെ എന്‍.സി.ബി. സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ കൂട്ടാളികള്‍ ആരെല്ലാം, എവിടേക്കാണ് കടത്തിയത്, മയക്കുമരുന്ന് കടത്തിലെ സാമ്പത്തിക ഇടപാട്, അന്താരാഷ്ട്ര ബന്ധം തുടങ്ങിയവയെല്ലാം എന്‍.സി.ബി. അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞദിവസമാണ് കൊച്ചി പുറംകടലില്‍ കപ്പലില്‍ കടത്തുകയായിരുന്ന 2500 കിലോ മെത്താംഫെറ്റമിന്‍ മയക്കുമരുന്ന് എന്‍.സി.ബി.യും നാവികസേനയും ചേര്‍ന്ന് പിടിച്ചെടുത്തത്. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വിപണിമൂല്യമുള്ള ലഹരിവേട്ടയായിരുന്നു ഇത്.

അതേസമയം, നാവികസേനയും എന്‍.സി.ബി.യും പിന്തുടരുന്നവിവരം മനസിലാക്കിയ ലഹരിക്കടത്തുകാര്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന കപ്പല്‍ മുക്കാന്‍ശ്രമിച്ചതായാണ് വിവരം. കപ്പല്‍ മുക്കിയശേഷം ഇതിലുണ്ടായിരുന്നവര്‍ ബോട്ടുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിലൊരു ബോട്ടിനെ പിന്തുടര്‍ന്നാണ് പാകിസ്താന്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബോട്ടും കണ്ടുകെട്ടിയിട്ടുണ്ട്.

മുങ്ങിത്തുടങ്ങിയ കപ്പലില്‍നിന്ന് ചാക്കുകളില്‍ സൂക്ഷിച്ചനിലയിലാണ് കിലോക്കണക്കിന് മയക്കുമരുന്ന് കണ്ടെടുത്തത്. കപ്പലില്‍നിന്ന് ഒരു സാറ്റലൈറ്റ് ഫോണും കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്ന് സൂക്ഷിച്ച ചാക്കുകളില്‍ പാകിസ്താന്‍ മുദ്രകളാണുള്ളത്. പാകിസ്താനില്‍ ഉത്പാദിപ്പിക്കുന്ന വിവിധ ബസ്മതി അരിക്കമ്പനികളുടെ ചാക്കുകളാണിവ.

പിടിയിലായ പാകിസ്താന്‍ സ്വദേശി സുബൈറും സംഘവും ഇതിന് മുന്‍പും പലവട്ടം മയക്കുമരുന്ന് കടത്തിയതായാണ് സൂചന. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര റാക്കറ്റായ ഹാജി സലീം ഗ്രൂപ്പാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്നും സംശയിക്കുന്നു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന മയക്കുമരുന്ന് ഇറാനിലെത്തിച്ച് അവിടെനിന്ന് കടല്‍മാര്‍ഗം വിവിധ രാജ്യങ്ങളിലേക്ക് കടത്തുന്നതാണ് ഹാജി സലീം ഗ്രൂപ്പിന്റെ രീതി.

Leave a Reply

Your email address will not be published. Required fields are marked *