ലവ് ജിഹാദ് ആർ.എസ്.എസ് അജണ്ട: ബൃന്ദാ കാരാട്ട്

ലവ് ജിഹാദ് ആർ.എസ്.എസിന്റെ അജണ്ടയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ഭരണ സംവിധാനവും രാഷ്ട്രീയവും ഇതിനായി ഉപയോഗിക്കുകയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു ബൃന്ദാ കാരാട്ട്.

വർഷങ്ങൾക്ക് മുൻപ് ലവ് ജിഹാദ് കോലാഹലങ്ങൾ ഉണ്ടായിരുന്നെങ്കിൽ താനുണ്ടാവില്ലായിരുന്നുവെന്ന് നര്‍ത്തകിയും ആക്റ്റിവിസ്റ്റുമായ മല്ലികാ സാരാഭായ് വ്യക്തമാക്കി. ലവ് ജിഹാദ് കോലാഹലങ്ങൾ ഇല്ലാത്തതിനാലാണ് തന്‍റെ പൂർവികർ ഒന്നിച്ചത്. തന്‍റെ മുത്തശ്ശനും മുത്തശ്ശിയും അച്ഛനും അമ്മയും അങ്ങനെയാണ്. മക്കളോട് മറ്റു വിഭാഗങ്ങളില്‍ നിന്ന് വിവാഹം കഴിക്കരുതെന്ന് മാതാപിതാക്കള്‍ പറയരുതെന്നും മല്ലികാ സാരാഭായ് പറഞ്ഞു.

ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. സമ്മേളന നഗറിൽ അഖിലേന്ത്യാ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. ചെഗുവേരയുടെ മകൾ ഡോ. അലെയ്‌ഡ ഗുവേരയും ചെറുമകൾ പ്രൊഫ. എസ്‌തഫാനോ ഗുവേരയും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 850 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തിങ്കളാഴ്ച ഒരു ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമ്മേളനം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *