റോഡ് നികുതി വര്‍ധിപ്പിക്കാന്‍ തമിഴ്‌നാട്: വാഹന വില ഉയരും, ബൈക്കിന് കൂടുന്നത് 8000 രൂപ വരെ

സംസ്ഥാനത്ത് റോഡ് നികുതി വര്‍ധിപ്പിക്കാന്‍ തമിഴ്‌നാട് ഗതാഗത വകുപ്പ് തീരുമാനിച്ചു. ഇരുചക്രവാഹനങ്ങള്‍ക്ക് രണ്ട് മുതല്‍ നാല് ശതമാനം വരെ നികുതി വര്‍ധനയുണ്ടാകും. നാല് ചക്രവാഹനങ്ങള്‍ക്ക് രണ്ട് മുതല്‍ അഞ്ച് ശതമാനം വരെ നികുതി വര്‍ധിപ്പിക്കും. ഇതോടെ വാഹനങ്ങളുടെ വിലയും ഉയരും. നിലവില്‍ പുതിയ ഇരുചക്രവാഹനങ്ങള്‍ക്ക് വിലയുടെ എട്ട് ശതമാനമാണ് നികുതി. 15 വര്‍ഷത്തേക്കാണ് നികുതി ഈടാക്കുന്നത്. ഇത് വിലയുടെ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങളായി തിരിച്ച് 10 ശതമാനവും 12 ശതമാനവുമായി വര്‍ധിപ്പിക്കാനാണ് ഒരുങ്ങുന്നത്.

ഒരു ലക്ഷം രൂപ വരെ വിലയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് എട്ട് ശതമാനത്തിന് പകരം 10 ശതമാനമായി ഉയര്‍ത്തും. ഒരു ലക്ഷത്തിന് മുകളില്‍ വിലയുള്ളവയ്ക്ക് 12 ശതമാനം നികുതി ഈടാക്കും. നിലവില്‍ നാല് ചക്രവാഹനങ്ങളില്‍ 10 ലക്ഷം വരെ വിലയുള്ളവയ്ക്ക് 10 ശതമാനവും ഇതിന് മുകളില്‍ വിലയുള്ളവയ്ക്ക് 15 ശതമാനവുമാണ് നികുതി. ഇത് അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 12 ശതമാനവും അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെയുള്ള വാഹനങ്ങള്‍ക്ക് 13 ശതമാനവും 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വിലയുള്ള വാഹനങ്ങള്‍ക്ക് 15 ശതമാനവും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 20 ശതമാനവുമായി വര്‍ധിപ്പിക്കും.

പുതിയ നികുതി നിര്‍ദേശം നടപ്പാക്കുന്നതോടെ സര്‍ക്കാരിന് അധികമായി പ്രതിവര്‍ഷം 1,000 കോടി രൂപ ലഭിക്കും. ഇതിന് മുമ്പ് ഇരുചക്രവാഹനങ്ങള്‍ക്കുള്ള നികുതി 2008 ലും നാലുചക്രവാഹനങ്ങള്‍ക്ക് 2010 ലുമായിരുന്നു വര്‍ധിപ്പിച്ചത്.

പുതിയനികുതി വര്‍ധന വൈദ്യുത വാഹനങ്ങള്‍ക്ക് ബാധകമാകില്ല. വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അനുവദിച്ചിരുന്ന നികുതി ഇളവ് 2025 വരെ നീട്ടിയിട്ടുണ്ട്. നേരത്തേ രണ്ട് വര്‍ഷമായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. ഇത് ഡിസംബറില്‍ അവസാനിച്ചതോടെ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി. അതിനാല്‍ 2025 ഡിസംബര്‍ വരെ വൈദ്യുത വാഹനങ്ങള്‍ക്ക് ഈ നികുതി ബാധകമല്ല.

ഇതേ സമയം പുതിയനികുതി നിര്‍ദേശം നടപ്പാക്കുന്നതോടെ ഇരുചക്രവാഹനങ്ങള്‍ക്ക് കുറഞ്ഞത് 1,500 രൂപയുടെ വര്‍ധനയുണ്ടാകും. 75,000 രൂപയുടെ വാഹനത്തിന് നിലവില്‍ എട്ട് ശതമാനം നികുതി നല്‍കിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 10 ശതമാനം നല്‍കേണ്ടി വരും. നിലവിലെ നികുതിയെക്കാള്‍ 1500 രൂപയാകും വര്‍ധന. സ്‌കൂട്ടറുകളാകും ഈ പരിധിയില്‍ വരുന്നത്. 150 സി സി യുടെ ബൈക്കുകള്‍ക്ക് 5,000 രൂപ മുതല്‍ 8,000 രൂപ വരെ വര്‍ധന പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *