റിപ്പബ്ലിക് ദിന പരേഡ്; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ മുഖ്യാതിഥി ആയേക്കുമെന്ന് സൂചനകൾ

2024 ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകുമെന്ന് സൂചനകൾ. ഫ്രഞ്ച് പ്രസിഡന്റിന് കേന്ദ്ര സർക്കാർ ക്ഷണക്കത്ത് അയച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 1976 മുതൽ ഇത് ആറാം തവണയാണ് ഫ്രഞ്ച് രാഷ്ട്രത്തലവൻ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുഖ്യാതിഥിയായി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അസൗകര്യം മൂലം പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചതായാണ് വിവരം. ഇതേത്തുടർന്നാണ് മോദിയുമായി അടുത്ത ബന്ധമുള്ള മാക്രോൺ ഇന്ത്യയിലെത്തുന്നത്. യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെയും ചില പശ്ചിമേഷ്യൻ രാജ്യങ്ങളുടെ തലവൻമാരുടെയും പേരുകൾ പരിഗണനയിൽ ഉണ്ടായിരുന്നതായാണ് വിവരം.

ഈ വർഷം ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ നടന്ന ‘ബാസ്റ്റിൽ ഡേ’ പരേഡിൽ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ഇമ്മാനുവൽ മാക്രോൺ ജനുവരി 26ന് ഇന്ത്യയിലെത്തുകയാണെങ്കിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് രാഷ്ട്രത്തലവനാകും അദ്ദേഹം. 1976-ൽ ഫ്രഞ്ച് പ്രധാനമന്ത്രി ജാക്വസ് ചിറാക്കാണ് റിപ്പബ്ലിക് ദിനത്തിൽ പങ്കെടുത്ത ആദ്യത്തെ ഫ്രഞ്ച് നേതാവ്.

1980-ൽ ഫ്രഞ്ച് പ്രസിഡന്റ് വലേരി ഗിസ്കാർഡ് ഡി എസ്റ്റിംഗ്, 1998-ൽ പ്രസിഡന്റ് ജാക്വസ് ചിറാക്ക്, 2008-ൽ പ്രസിഡന്റ് നിക്കോളാസ് സർക്കോസി, 2016-ൽ പ്രസിഡന്റ് ഫ്രാൻസ്വാ ഒലാൻഡ് എന്നിവർ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ പങ്കെടുത്തിട്ടുണ്ട്. ഫ്രഞ്ച് നേതാക്കളെയാണ് ഇന്ത്യ റിപ്പബ്ലിക് ദിനത്തിലേക്ക് ഇതുവരെ ഏറ്റവും കൂടുതൽ ക്ഷണിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *