രേവന്ത് റെഡ്ഢി അടക്കമുള്ളവരുടെ ഫോൺ ചോർത്തിയ സംഭവം; ബിആർഎസ് പ്രതിക്കൂട്ടിൽ

ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതിക്കൂട്ടിലായി കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി. ചന്ദ്രശേഖർ റാവു സർക്കാരിന്റെ കാലത്ത് ഇപ്പോഴത്തെ മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഢി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെയും വ്യവസായികളുടെയും ഫോൺ ചോർത്തിയെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥരായ അഡീഷണൽ പൊലീസ് സൂപ്രണ്ട് ഭുജംഗ റാവു, അഡീഷണൽ പൊലീസ് സൂപ്രണ്ട് തിരുപതണ്ണ എന്നിവർ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ അമേരിക്കയിലുള്ള സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ മുൻമേധാവി ടി. പ്രഭാകർ റാവുവിന് നോട്ടീസ് അയച്ചിട്ടുണ്ട്. വൺ ന്യൂസ് ചാനൽ മേധാവി ശരവൺ റാവു, പൊലീസ് ഉദ്യോഗസ്ഥനായ രാധാ കിഷൻ റാവു എന്നിവർക്കും ലുക്കൗട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. ആരോപണത്തോട് ബി.ആർ.എസ് പ്രതികരിച്ചിട്ടില്ല.

ഇസ്രായേലിൽ നിന്ന് കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വാങ്ങിയ ഉപകരണം വഴിയാണ് ഫോൺ രഹസ്യങ്ങൾ ചോർത്തിയത്. ഇതിന് 300 മീറ്റർ ചുറ്റളവിലുള്ള ഫോൺസംഭാഷണങ്ങൾ പിടിച്ചെടുക്കാൻ സാധിക്കും. സംസ്ഥാന ഇന്റലിജൻസിന്റെ സാങ്കേതിക കൺസൾട്ടന്റ് ആയിരുന്ന രവി പോൾ എന്ന വ്യക്തി രേവന്ത് റെഡ്ഡിയുടെ വീടിന് സമീപം ഒരു ഓഫീസ് സ്ഥാപിച്ച് ഫോൺ ടാപ്പിങ് ഉപകരണം സ്ഥാപിച്ചെന്നാണ് പൊലീസ് പറയുന്നത്.

പ്രതിപക്ഷ നേതാക്കൾക്ക് പുറമേ ജ്വല്ലറി ഉടമകൾ, ഭൂമിക്കച്ചവടക്കാർ, വ്യവസായികൾ തുടങ്ങി പലരും ഫോൺ ടാപ്പിങ്ങിന് ഇരകളായിട്ടുണ്ട്. ചോർത്തിയ വിവരങ്ങൾ ഉപയോഗിച്ച് പല വ്യവസായികളെയും ഭീഷണിപ്പെടുത്തി ബി.ആർ.എസിന്റെ പാർട്ടി ഫണ്ടിലേക്ക് വൻ തുക സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *