രാഹുൽ ഗാന്ധിക്കെതിരായ വിദ്വേഷ പരാമർശങ്ങൾ; എൻഡിഎ നേതാക്കൾക്കെതിരെ പരാതി നൽകി കോൺഗ്രസ്

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിദ്വേഷ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി . ബിജെപി നേതാവ് തർവീന്ദർ സിങ്, ശിവസേന ഷിൻഡെ വിഭാഗം എംഎൽഎ സഞ്ജയ് ഗെയ്‌ക്‌വാദ്, റെയിൽവേ സഹമന്ത്രി രവനീത് ബിട്ടു, ഉത്തർപ്രദേശിലെ മന്ത്രി രഘു രാജ് സിങ് എന്നിവർക്കെതിരെയാണ് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ ഡൽഹി തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നേതാക്കൾക്കെതിരെ ഭാരത് ന്യായ് സംഹിതയുടെ 351, 352, 353, 61 വകുപ്പുകൾ പ്രകാരം കേസുകൾ റജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം.

ബിജെപിയുടെയും സഖ്യകക്ഷി നേതാക്കളുടെയും ഭീഷണികൾ രാഹുൽ ഗാന്ധിയെ വധിക്കണമെന്നും ദേഹോപദ്രവം ഏൽപ്പിക്കണമെന്നും ഉദ്ദേശിച്ചാണെന്നു പരാതിയിൽ പറയുന്നു. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെ തീവ്രവാദിയെന്ന് വിളിച്ച് എൻഡിഎ നേതാക്കൾ വ്യക്തിപരമായ വിദ്വേഷം പ്രകടിപ്പിക്കുകയാണ്. വിദ്വേഷം നിറഞ്ഞ പ്രസ്താവനകളിലൂടെ കലാപവും സമാധാന ലംഘനവും മറ്റും ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.

സ്ത്രീകൾ, യുവാക്കൾ, ദലിതർ, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ തുടങ്ങിയ സമൂഹത്തിലെ അവശ വിഭാഗങ്ങളെ സംബന്ധിച്ച പ്രശ്നങ്ങൾ രാഹുൽ നിരന്തരം ഉന്നയിക്കുന്നുണ്ട്. അതിനാൽ ഇന്ത്യയുടെ പ്രതിപക്ഷ നേതാവിനെതിരെ വിദ്വേഷം നിറഞ്ഞ അഭിപ്രായങ്ങൾ നടത്താൻ വ്യക്തികളെ നിയോഗിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. വിഡിയോ സഹിതമാണ് പരാതി നൽകിയത്. 

Leave a Reply

Your email address will not be published. Required fields are marked *