‘രാഹുലിന് രണ്ടാം ജന്മം, ജോഡോ യാത്രയിലൂടെ ഇന്ത്യൻ യാഥാർഥ്യം തിരിച്ചറിഞ്ഞു’; പുകഴ്ത്തി എ കെ ആന്‍റണി

ഭാരത്  ജോഡോ യാത്ര വിജയകരമായി പൂര്‍ത്തിയായ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി മുതിര്‍ന്ന നേതാവ് എ കെ ആന്‍റണി രംഗത്ത്. ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുൽ ഗാന്ധി നടത്തിയത്. വഴികളിൽ കണ്ടവരെയെല്ലാം ചേർത്തുപിടിച്ചു.യാത്ര പൂർത്തിയായപ്പോൾ കണ്ടത് പുതിയൊരു രാഹുൽ ഗാന്ധിയെ.വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നത്തോടെ മാത്രമാണ് യാത്ര പൂർത്തിയാവുക. ഇന്ത്യൻ യാഥാർഥ്യം തിരിച്ചറിയാൻ പറ്റുന്നൊരു രണ്ടാം ജന്മമാണ് രാഹുൽ ഗാന്ധിക്ക് ഉണ്ടായത്. വിശാല ജനാധിപത്യ ഐക്യത്തിനാണ് കോൺഗ്രസ്‌ ശ്രമം..വെറുപ്പും വിദ്വേഷവും വളർത്തി കസേര ഉറപ്പിക്കാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിബിസി ഡോക്യുമെന്‍റി വിവാദത്തെത്തുടര്‍ന്ന് മകന്‍ അനില്‍ ആന്‍റണി പാര്‍ട്ടി പദവികള്‍ രാജിവച്ച് കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനം തുടരുമ്പോഴാണ് ആന്‍റണി, രാഹുലിനെ പുകഴ്ത്തി രംഗത്തു വരുന്നത്. ബിബിസി വിഷയത്തിൽ ഇന്നലെ  വീണ്ടും അനിൽ കെ ആൻറണി  വിമർശനം ഉന്നയിച്ചിരുന്നു . കശ്മീരില്ലാത്ത ഇന്ത്യൻ ഭൂപടം പ്രസിദ്ധീകരിച്ച മുൻ ബിബിസി വാർത്തകൾ ചൂണ്ടിക്കാട്ടിയാണ്  ബിബിസിയേയും കോൺഗ്രസിനേയും കുറ്റപ്പെടുത്തിയത്. സ്വതന്ത്ര മാധ്യമമെന്ന് കോൺഗ്രസ് വിശേഷിപ്പിച്ച ബിബിസി ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്ത് പല തവണ വാർത്ത നൽകിയെന്ന് അനിൽ ആൻറണി ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് നേതാവ് ജയ്റാം രമേശിനെയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും ടാഗ് ചെയ്തായിരുന്നു അനിൽ ആൻറണിയുടെ ട്വീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *