‘രാജ്യദ്രോഹക്കുറ്റം നിലനിർത്തണം, തടവ് കാലാവധി വർധിപ്പിക്കണം’; കേന്ദ്ര നിയമകമ്മീഷൻ ശുപാർശ

രാജ്യത്ത് രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് കേന്ദ്ര നിയമ കമ്മീഷന്‍റെ ശുപാർശ. തടവ് ശിക്ഷയുടെ കാലാവധി വർധിപ്പിക്കണം. കർശന വ്യവസ്ഥകളോടെയേ നിയമം നടപ്പാക്കാവൂ എന്നും കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ നിയമ കമ്മീഷന്‍ ശുപാർശ ചെയ്യുന്നു. 

രാജ്യദ്രോഹക്കുറ്റത്തിന്റെ സാധുത പരിശോധിച്ച സുപ്രീം കോടതി കഴിഞ്ഞവർഷം മെയിൽ നിയമം നടപ്പാക്കുന്നത് താൽകാലികമായി മരവിപ്പിച്ചിരുന്നു. നിലവിലുള്ള കേസുകളിലെ നടപടികളും നിർത്തിവെയ്ക്കാൻ കോടതി ഉത്തരവിട്ടു. നിയമം നിലനിർത്തേണ്ടതുണ്ടോ എന്ന കാര്യം പുനപരിശോധിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചില മാറ്റങ്ങളോടെ നിയമം നിലനിർത്തണമെന്നാണ് 22 ആം നിയമ കമ്മീഷന്‍ ശുപാർശ ചെയ്തിരിക്കുന്നത്. 

ഏറ്റവും കുറഞ്ഞ ശിക്ഷ നിലവിൽ മൂന്ന് വർഷമാണ്. ഇത് ഏഴ് വർഷമാക്കണം. പരമാവധി ശിക്ഷ ജീവപര്യന്തമായി നിലനിർത്തണം. പിഴ ശിക്ഷയും വേണമെന്നും ശുപാർശയുണ്ട്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമേ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടൂള്ളൂ. നിയമം നടപ്പാക്കുന്നതിന് വ്യക്തമായ മാർഗനിർദ്ദേശം വേണമെന്നും കമ്മീഷൻ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. മറ്റു രാജ്യങ്ങൾ നിയമം റദ്ദാക്കിയത് കൊണ്ട് ഇന്ത്യയിൽ നിയമം റദ്ദാക്കണമെന്ന് പറയുന്നത് നിലവിലുള്ള യഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നതാണും കമ്മീഷൻ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *