വിമാനയാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്തേക്ക് വ്യവസായി മൂത്രമൊഴിച്ച സംഭവം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ വിമാനത്തിൽ മദ്യം വിളമ്പാനുള്ള നിലവിൽ രാജ്യത്തുള്ള നിയമങ്ങളും ചര്‍ച്ചയാവുന്നു. എയർ ഇന്ത്യ വിമാനങ്ങളിൽ മദ്യം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ പുനപരിശോധിക്കാൻ ഒരുങ്ങുകയാണെന്നാണ് സൂചന. നിലവിൽ വിമാനത്തിൽ മദ്യം വിളമ്പാനുള്ള രാജ്യത്തുള്ള നിയമങ്ങൾ എന്തൊക്കെയാണ്.
ഇന്ത്യൻ എയർ ക്രാഫ്റ്റ് നിയമം അനുസരിച്ച് ആഭ്യന്തര വിമാനങ്ങളിൽ മദ്യം നൽകുന്നതിനെ കുറിച്ച് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. നിലവിലെ നിയമം അനുസരിച്ച് ആഭ്യന്തര വിമാനങ്ങളിൽ മദ്യം വിളമ്പാനാകില്ല. മാത്രമല്ല യാത്രക്കാരന്റെ കൈവശമുള്ള മദ്യം ഉപയോഗിക്കാനും അനുവാദമില്ല. എന്നാൽ അന്താരാഷ്ട്ര വിമാനങ്ങളിൽ മദ്യം വിളമ്പാൻ അനുവാദമുണ്ട്. ഇന്ത്യയിലേക്ക് വരുന്നതും ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതുമായ വിമാനങ്ങളിൽ മദ്യം വിളമ്പാം. എന്നാൽ ഇക്കോണമി ക്ലാസ്, ഫസ്റ്റ് ക്ലാസ്, ബിസിനസ്സ് ക്ലാസ് എന്നിവയിൽ ഒരോ വിമാനകമ്പനികൾക്കും മദ്യം വിളമ്പുന്നതിന് അവരുടേതായ അളവുണ്ട്.