രാജ്യത്ത് മൂന്നാമത്തെ എച്ച് എം പി വി കേസ് സ്ഥിരീകരിച്ചു; അഹമ്മദാബാദിൽ 2 മാസം പ്രായമുള്ള കുഞ്ഞിലാണ് രോഗം കണ്ടെത്തിയത്

രാജ്യത്ത് മൂന്നാമത്തെ എച്ച് എം പി വി കേസ് സ്ഥിരീകരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിലാണ് രോഗം കണ്ടെത്തിയത്. കുട്ടി നിലവിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം വൈകാതെ മാർഗനിർദേശം പുറത്തിറക്കുമെന്നാണ് വിവരം.

കൊറോണ വൈറസിന്റെ സമാന പ്രോട്ടോക്കോളുകളായിരിക്കും എച്ച് എം പി വിയിലും പാലിക്കുകയെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി റിഷികേഷ് പട്ടേൽ പറഞ്ഞു. ലക്ഷണങ്ങൾക്കനുസരിച്ചായിരിക്കും ചികിത്സ നൽകുക. രണ്ടുമൂന്ന് ദിവസത്തിനകം സർക്കാർ പരിശോധനാ കിറ്റുകൾ സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമെങ്കിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ബംഗളൂരുവിൽ മൂന്നും എട്ടും മാസം പ്രായമുള്ള കുഞ്ഞുങ്ങളിലാണ് എച്ച് എം പി വി വൈറസ് കണ്ടെത്തിയത്. രണ്ട് കുട്ടികൾക്കും വിദേശ യാത്രാ പശ്ചാത്തലമില്ല. എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചുവരികയാണെന്ന് ഡേക്‌ടർമാർ അറിയിച്ചു. ചൈനീസ് വേരിയന്റ് തന്നെയാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. കുഞ്ഞുങ്ങളുടെ സാമ്പിൾ ശേഖരിച്ച് പരിശോധന തുടരുമെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

എച്ച് എം പി വി വ്യാപന ആശങ്കയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയിരിക്കുകയാണ് രാജ്യതലസ്ഥാനം. എച്ച് എം പി വി മൂലമുണ്ടായേക്കാവുന്ന വെല്ലുവിളികൾ നേരിടാൻ സജ്ജമാകണമെന്ന് ഡൽഹി ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. സിവിയർ അക്യൂട്ട് റെസ്‌പിറേറ്ററി ഇൻഫെക്‌ഷൻ (എസ് എ ആർ ഐ) കേസുകളുടെയും ലാബിൽ സ്ഥിരീകരിച്ച ഇൻഫ്ളുവൻസ കേസുകളുടെയും വിശദമായ വിവരങ്ങൾ സൂക്ഷിക്കാൻ ആരോഗ്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ്.

പാരസെറ്റമോൾ, ആന്റിഹിസ്റ്റാമൈൻ, ബ്രോങ്കോഡൈലേറ്റർ, കഫ് സിറപ്പ് തുടങ്ങിയ മരുന്നുകൾ സ്റ്റോക്ക് ചെയ്യണം, ഓക്‌സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണം, അവശ്യ കേസുകളിൽ ഐസൊലേഷൻ നിർബന്ധമാക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *