‘രാജ്യത്ത് ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടി ബിജെപി’; ഇലക്ട്രൽ ബോണ്ട് അഴിമതിയിൽ ബിജെപി നേതാക്കൾക്ക് എതിരെ അന്വേഷണം വേണം , എഎപി നേതാവ് സഞ്ജയ് സിംങ്

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ പാര്‍ട്ടി ബിജെപിയാണെന്ന് മുതിര്‍ന്ന ആം ആദ്‌മി പാര്‍ട്ടി നേതാവും എം.പിയുമായ സഞ്ജയ് സിങ്. ഇലക്ടറല്‍ ബോണ്ട് അഴിമതിയില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആറ് മാസത്തോളം തിഹാര്‍ ജയിലില്‍ കഴിഞ്ഞ നേതാവാണ് സഞ്ജയ് സിങ്. അടുത്തിടെയാണ് സഞ്ജയ് ജാമ്യത്തിലിറങ്ങിയത്.

”നിങ്ങള്‍ക്ക് ബി.ജെ.പിയെ ഒന്നിലും വിശ്വസിക്കാനാകില്ല. അവര്‍ അഴിമതികളില്‍ നേരിട്ട് പങ്കുകാരാണ്. ബി.ജെ.പിയുടെ ഭരണകാലത്ത് വിവിധ വ്യവസായികളുടെ പതിനഞ്ച് ലക്ഷം കോടി രൂപയുടെ വായ്‌പകള്‍ എഴുതിത്തള്ളി. അവരുടെ കാലത്താണ് നോട്ട് നിരോധനം വന്നതും. ഇലക്ടറല്‍ ബോണ്ടിലൂടെ സംഭാവന നല്‍കിയ വിവിധ കമ്പനികള്‍ക്ക് 3.8 ലക്ഷം കോടി രൂപയുടെ കരാറുകള്‍ നല്‍കി. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. ബി.ജെ.പിയാണ് മദ്യനയ അഴിമതി നടത്തിയത്. ഇപ്പോഴും ഇവരില്‍ നിന്ന് പണം കണ്ടെത്തുന്നതായും സഞ്ജയ് സിങ് ആരോപിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പാണ് സുപ്രീംകോടതി സഞ്ജയ് സിങിന് ജാമ്യം നല്‍കിയത്. 2023 ഒക്‌ടോബര്‍ നാലിനാണ് സഞ്ജയ് സിങിനെ അറസ്‌റ്റ് ചെയ്‌തത്. ഡല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു അറസ്‌റ്റ്. ആറ് മാസം അദ്ദേഹം ജയിലില്‍ കഴിഞ്ഞു. അടുത്തിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും അറസ്റ്റ് ചെയ്‌തിരുന്നു. ഈ മാസം പതിനഞ്ച് വരെ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മന്ത്രിയായിരുന്ന മനീഷ് സിസോദിയ ഇതേ കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *