രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന ഗുകേഷിനും മനു ഭാക്കറിനും; മലയാളി നീന്തൽ താരം സജൻ പ്രകാശിന് അർജുന അവാർഡ്: പുരസ്‌കാരദാന ചടങ്ങ് ഈ മാസം 17ന്

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരത്തിന്റെ ഈ വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. ഷൂട്ടിംഗിൽ രണ്ട് ഒളിമ്പിക്‌സ് മെഡൽ സ്വന്തമാക്കിയ മനു ഭാക്കർ, ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരാലിമ്പ്യൻ പ്രവീൺ കുമാർ എന്നീ നാല് കായികതാരങ്ങൾക്കാണ് ഖേൽരത്‌ന പുരസ്‌കാരം. മലയാളി നീന്തൽ താരം സജൻ പ്രകാശിന് അർജുന അവാർഡും നൽകും. സജൻ പ്രകാശ് ഉൾപ്പെടെ 32 പേർക്കാണ് അർജുന അവാർഡ്.

അൽപ്പ സമയങ്ങൾക്ക് മുമ്പാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഈ മാസം 17ന് ഡൽഹി രാഷ്‌ട്രപതി ഭവനിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ ജേതാക്കൾക്ക് പുരസ്‌കാരം നൽകി ആദരിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു.

ഖേൽരത്ന പുരസ്‌കാരത്തിനായുള്ള നാമനിർദേശ പട്ടികയിൽ ആദ്യം മനു ബാക്കറിന്റെ പേര് ഇല്ലായിരുന്നു. ഇത് ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. സൂക്ഷ്‌മവും കൃത്യവുമായ പരിശോധനയ്‌ക്ക് ശേഷമാണ് കായിക താരങ്ങളെ പുരസ്‌കാര ജേതാക്കളായി പ്രഖ്യാപിച്ചതെന്നും കായിക മന്ത്രാലയത്തിന്റെ പ്രസ്‌താവനയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *