രാജസ്ഥാനിലെ ചെമ്പ് ഖനിയിൽ ലിഫ്റ്റ് തകർന്ന് അപകടം ; ഒരു മരണം, 14 പേരെ രക്ഷപ്പെടുത്തി

രാജസ്ഥാനിലെ ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ലിഫ്റ്റിൽ കുടുങ്ങിയ ശേഷിച്ച 14 പേരെയും രക്ഷിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലിഫ്റ്റ് തകർന്നപ്പോൾ സംഭവിച്ച ഗുരുതര പരിക്കുകളേ തുടർന്നാണ് ഒരാൾ മരിച്ചതെന്നാണ് പുറത്ത് വരുന്നവിവരം. രക്ഷപ്പെടുത്തിയവരിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ് ഇവരെ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

രാത്രി വൈകിയും നടന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് 14 പേരെ ജീവനോടെ രക്ഷിക്കാനായത്. ഖനിയിലെ ഷാഫ്റ്റ് പരിശോധിക്കാനായി എത്തിയ മുതിർന്ന ഉദ്യോഗസ്ഥരും കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് ടീം അംഗങ്ങളും ഏതാനും തൊഴിലാളികളും അടക്കം 15 പേരാണ് ലിഫ്റ്റ് തകർന്ന് ഭൂ നിരപ്പിൽ നിന്ന് 64അടിയോളം താഴ്ചയിൽ കുടുങ്ങിയത്.

രാജസ്ഥാനിലെ നീം കാ താന ജില്ലയിലെ ചെമ്പ് ഖനിയിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഹിന്ദുസ്ഥാൻ കോർപ്പർ ലിമിറ്റഡിന്റെ ഖേത്രി മേഖലയിലെ കോലിഹാൻ ഖനിയിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്. ലിഫ്റ്റ് ബന്ധിച്ചിരുന്ന ചങ്ങല പൊട്ടിയതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. ഖനിയിലെ ഷാഫ്റ്റ് പരിശോധനയ്ക്ക് കൊൽക്കത്തയിൽ നിന്നെത്തിയ വിജിലൻസ് സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉപേന്ദ്ര പാണ്ഡേ എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. 

Leave a Reply

Your email address will not be published. Required fields are marked *