രണ്ട് മുൻ എം.എൽ.എമാർ കൂടി പാർട്ടി വിട്ടു; ഡല്‍ഹി കോൺഗ്രസില്‍ പ്രതിസന്ധി രൂക്ഷം

ഡല്‍ഹി കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാകുന്നു. പി.സി.സി അധ്യക്ഷൻ അരവിന്ദറിന്‍റെ രാജിക്ക് പിന്നാലെ രണ്ട് മുൻ എം.എൽ.എമാർ കൂടി പാർട്ടി വിട്ടു. എഎപിയുമായുള്ള സഖ്യത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇരുവരും പറഞ്ഞു.

അരവിന്ദറിനു പിന്തുണ അറിയിച്ചു കൂടുതൽ നേതാക്കൾ രംഗത്തെത്തുന്നതിലൂടെ ഡൽഹി കോൺഗ്രസിലെ അതൃപ്തി മറനീക്കി പുറത്തുവരികയാണ്. മുൻ എം.എൽ.എമാരായ നീരജ് ബസോയയും നസീബ് സിങ്ങുമാണ് പാർട്ടി അംഗത്വം രാജിവച്ചത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. എപിയുടെ പ്രമുഖ നേതാക്കൾ ഇപ്പോൾ ജയിലിലാണ്. അഴിമതി ആരോപണങ്ങളിൽ മുങ്ങി നിൽക്കുന്ന പാർട്ടിയുമായി സഖ്യം ഉണ്ടാക്കിയതിൽ താൽപര്യമില്ലെന്ന് നേതാക്കൾ രാജിക്കത്തിൽ വ്യക്തമാക്കുന്നു. ഇത് അപമാനകരമാണെന്നും നേതാക്കൾ ആരോപിക്കുന്നു.

അതേസമയം ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപക് ബാബറിയയുമായുള്ള തർക്കമാണ് അരവിന്ദർ സിങ് ലൗലിയുടെ രാജിയിലേക്ക് നയിച്ചത്. ലൗലിക്ക് പിന്തുണ അറിയിച്ചുകൊണ്ട് കൂടുതൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ രംഗത്ത് വരുന്നുണ്ട്. പ്രശ്ന പരിഹാരത്തിനായി കെ.സി വേണുഗോപാലിനെ ചുമതലപ്പെടുത്തിയെങ്കിലും കൂടുതൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് നേതൃത്വത്തെ വലക്കുകയാണ്. ആറാംഘട്ടത്തിലാണ് ഡൽഹിയിലെ ഏഴു സീറ്റുകളിൽ വോട്ടെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *