യൂട്യൂബ് നോക്കി പ്രസവിച്ച യുവതി മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

ചെന്നൈയിൽ യൂട്യൂബ് നോക്കി വീട്ടിൽ പ്രസമെടുത്തതിന് പിന്നാലെ യുവതി മരിച്ചു. ചെന്നൈ കൃഷ്ണഗിരി സ്വദേശിയായ ലോകനായകി (27) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മദേഷ് (30)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോച്ചംപള്ളിയിലെ ദമ്പതികളുടെ വീട്ടിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രകൃതിചികിത്സയിൽ വിശ്വസിച്ചിരുന്ന ദമ്പതികൾ ആദ്യ പ്രസവം വീട്ടിൽ തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

പ്രസവത്തെ കുറിച്ചുള്ള വീഡിയോകൾ മദേഷ് സ്ഥിരമായി കാണുമായിരുന്നുവെന്നാണ് അടുത്ത സുഹൃത്തുക്കൾ നൽകുന്ന വിവരം. ഈ ധൈര്യത്തിലാണ് ഇയാൾ പ്രസവമെടുക്കാൻ മുതിർന്നതും. എന്നാൽ പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവമുണ്ടാകാൻ തുടങ്ങിയതോടെ കണക്കു കൂട്ടലുകൾ തെറ്റി. ഉടൻ തന്നെ കുഞ്ഞിനെയും ലോകനായകിയെയും ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. പൊക്കിൾക്കൊടി മുറിക്കാതെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

വിവാഹം കഴിഞ്ഞ് ഏഴു വർഷത്തിന് ശേഷമാണ് ഇരുവർക്കും കുഞ്ഞ് ജനിക്കുന്നത്. പ്രസവകാലത്തൊന്നും ലോകനായകി അലോപതി മരുന്നുകൾ കഴിച്ചിരുന്നില്ല. ബിരുദധാരികളാണ് ഇരുവരും. ആശുപത്രിയിൽ ചികിത്സയിലുള്ള ആൺകുഞ്ഞ് സുഖം പ്രാപിച്ചു വരുന്നതായാണ് വിവരം. സംഭവത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും കുറ്റങ്ങൾ സ്ഥിരീകരിച്ചാൽ മദേഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും കൃഷ്ണഗിരി ആർഡിഒ എസ്.ബാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *