യുവതി നായയായി വേഷം കെട്ടി, തെരുവിലൂടെ നടന്നു; ലക്ഷ്യം വ്യക്തമാകാതെ കാഴ്ചക്കാർ

പ്രണയദിനത്തിലായിരുന്നു മുംബൈയിലെ തെരുവിൽ വിചിത്ര സംഭവം അരങ്ങേറിയത്. സംഭവത്തിന്‍റെ ലക്ഷ്യം വ്യക്തമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പ്രതികരണങ്ങളുണ്ടായി. യജമാനത്തിയെപ്പോലെ അഭിനയിക്കുന്ന യുവതിയുടെ പിന്നാലെ മറ്റൊരു യുവതി നായയെപ്പോലെ നടക്കുന്ന ദൃശ്യങ്ങളാണ് കാഴ്ചക്കാരെ ഞെട്ടിച്ചത്. നായയെപ്പോലെ നടിക്കുന്ന യുവതി കഴുത്തിൽ ബെൽറ്റ് ധരിച്ചിട്ടിട്ടുണ്ട്. ബെൽറ്റിന്‍റെ ഒരറ്റം യജമാനത്തിയുടെ കൈയിലാണ്.

നായയെ കൊണ്ടുപോകുന്ന അതേരീതിയിലാണ് യുവതിയെ‍യും കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ യജമാനത്തി അനുസരണ പഠിപ്പിക്കുന്നതും നടക്കാൻ കൂട്ടാക്കാത്ത യുവതിയെ വലിച്ചിഴക്കുന്നതും കാണാം. എന്താണു സംഭവിക്കുന്നതു മനസിലാക്കാൻ കഴിയാതെ ആളുകൾ പകച്ചുനോക്കുന്നതും കാണാം. “മുംബൈയ്ക്ക് എന്തു സംഭവിച്ചു? സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടിമാത്രം ആളുകൾക്കിങ്ങനെ തരംതാഴാനാകുമോ…’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്സിൽ പങ്കുവച്ചത്. ഇരുവർക്കുമെതിരേ നടപടിയെടുക്കണമെന്നാണ് വീഡിയോ പങ്കുവച്ച വ്യക്തിയുടെ ആവശ്യം.

സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണോ, മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരേ ബോധവത്കരണം നടത്തുകയാണോ യുവതികളുടെ ലക്ഷ്യമെന്ന് അറിയില്ല. വൈറൽ വീഡിയോയോട് മുംബൈ പോലീസ് പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *