യുവതികളുടെ തട്ടിപ്പിൽ യുവാക്കൾക്ക് നഷ്‌ടമായത് 61000 രൂപ വരെ

ഡേറ്റിംഗ് ആപ്പുകൾ വഴി പരിചയപ്പെടുകയും യുവതീയുവാക്കൾ ഒന്നിച്ച് സമയം ചിലവഴിക്കുന്നതുമെല്ലാം പുതിയ കാലത്ത് പതിവുള്ളതാണ്. എന്നാൽ ഇത്തരത്തിൽ യുവാക്കളെ വിളിച്ചുവരുത്തി കീശ കാലിയാക്കുന്ന വമ്പൻ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നതായാണ് പുതിയ വിവരം. മുംബയിലാണ് ഇത്തരത്തിൽ സംഭവമുണ്ടായത്.

മുംബയിലെ ഒരു റെസ്‌റ്റോറന്റ് ഇത്തരം തട്ടിപ്പിനുള്ള സ്ഥലമായത് ഇങ്ങനെയാണ്. ടിന്റ‌ർ,​ ബംബിൾ,​ ഒകെ ക്യുപിഡ് പോലുള്ള ഡേറ്റിംഗ് ആപ്പിൽ നിന്നും യുവതികൾ യുവാക്കളെ കണ്ടെത്തും. തമ്മിൽ നേരിൽ കാണാം എന്ന് യുവതി പറയുന്നതോടെ യുവാക്കൾ വീഴും. ദി ഗോഡ്‌ഫാദർ ക്ളബോ അതുപോലൊരു മുന്തിയ ഹോട്ടലിലോ കാണാം എന്നറിയിക്കും. യുവാക്കൾ ഇവിടെത്തുമ്പോഴാണ് പറ്റിക്കപ്പെടുന്നതെന്ന് ആക്‌ടിവിസ്‌റ്റായ ദീപിക നാരായൺ ഭരദ്വാജ് സമൂഹമാദ്ധ്യമത്തിൽ സൂചിപ്പിക്കുന്നു.

ഡേറ്റിംഗിനിടെ വിലയേറിയ ഭക്ഷണസാധനങ്ങളും മദ്യവും ഇവർ ആവശ്യപ്പെടും. അൽപനേരം യുവാക്കളോടൊത്ത് ചിലവഴിച്ച ശേഷം ഇവർ എന്തെങ്കിലും അത്യാവശ്യമുണ്ടെന്ന് കാട്ടി മുങ്ങും. ഇതോടെ യുവതിയെ വിശ്വസിച്ച് വരുന്ന യുവാവിന് ബിൽ അടയ്‌ക്കേണ്ടി വരും. 23,​000 മുതൽ 61,​000 രൂപവരെയാണ് ഇത്തരത്തിൽ തട്ടിപ്പിനിരയായവർ അടയ്‌ക്കേണ്ടി വന്നത്.

ഇതിന് സമ്മതിക്കാത്ത യുവാക്കളെ ഹോട്ടലിലെ സ്റ്റാഫോ ബൗൺസർമാരോ ഭീഷണിപ്പെടുത്തും. ഡൽഹി,​ ഗുഡ്‌ഗാവ്,​ ബംഗളൂരു,​ ഹൈദരാബാദ് എന്നീ നഗരങ്ങളിലും സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നാണ് വിവരം. ജൂൺ മാസത്തിൽ സിവിൽ സർവീസ് മത്സരാ‌ർത്ഥിയെ ഇത്തരത്തിൽ കെണിയിൽ പെടുത്തിയിരുന്നു. 1.2 ലക്ഷം രൂപയുടെ ബില്ലാണ് യുവാവിന് അടയ്‌ക്കേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *