മോമോസ് കഴിച്ചതിന് പിന്നാലെ 33-കാരി മരിച്ചു; 15 പേർ ആശുപത്രിയിൽ

ഹൈദരാബാദിൽ മോമോസ് കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചു. രേഷ്മ ബീഗം (33) ആണ് മരിച്ചത്. ഇതേ കടയിൽ നിന്ന് മോമോസ് കഴിച്ച രേഷ്മയുടെ രണ്ട് കുട്ടികൾ ഉൾപ്പെടെ 15 പേർ ചികിത്സയിലാണ്. ബൻജാര ഹിൽസിന് സമീപമുള്ള നന്ദി നഗറിലെ തെരുവുകച്ചവടക്കാരനിൽ നിന്നാണ് രേഷ്മയും കുട്ടികളും മോമോസ് വാങ്ങിക്കഴിച്ചത്. കഴിച്ചതിന് ശേഷം രേഷ്മയ്ക്ക് ഛർദ്ദിയും വയറിളക്കവും വയറുവേദനയും ഉണ്ടായി. ആരോഗ്യനില വഷളായതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇവരുടെ കുട്ടികൾ ചികിത്സയിലാണ്.

രേഷ്മയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ബൻജാര ഹിൽസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 15 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പോലീസ് പറഞ്ഞതെങ്കിലും മോമോസ് കഴിച്ച 60-ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് പ്രദേശവാസികൾ പറയുന്നത്.

കടയുടമയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെയാണ് ഇയാൾ കട നടത്തിയത് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. കടയിൽ നിന്നുള്ള ഫുഡ് സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *