‘മോദി സെൽഫി പോയിന്റു’കൾക്ക് ചെലവായ തുക വെളിപ്പെടുത്തി; റെയിൽവേ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

റെയിൽവേ സ്റ്റേഷനുകളിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം സെൽഫിയെടുക്കാനായി സജ്ജമാക്കിയ ‘മോദി സെൽഫി പോയിന്റുകൾ’ക്കായി ചെലവാകുന്ന തുക വെളിപ്പെടുത്തിയ റെയിൽവേ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. മധ്യ റെയിൽവേയിലെ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ (സി.പി.ആർ.ഒ) ശിവരാജ് മനസ്പുരെയെയാണ് ഡിസംബർ 29-ന് അകാരണമായി സ്ഥലം മാറ്റിയത്. എങ്ങോട്ടാണ് സ്ഥലം മാറ്റമെന്നോ സ്ഥലം മാറ്റത്തിന് കാരണമെന്താണെന്നോ അറിയിക്കാതെയായിരുന്നു നടപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

റെയിൽവേ സ്റ്റേഷനുകളിൽ സജ്ജമാക്കിയ 3-ഡി സെൽഫി പോയിന്റുകളേക്കുറിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് ഇവയ്ക്ക് ചെലവായ തുക സംബന്ധിച്ച് ശിവരാജ് മനസ്പുരെ വെളിപ്പെടുത്തൽ നടത്തിയത്.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി രണ്ടാഴ്ചയ്ക്കുള്ളിലാണ് ശിവരാജിനെ സ്ഥലം മാറ്റിയത്. സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജരായിരിക്കെ വരുമാനം വർധിപ്പിക്കാനുള്ള പരിശ്രമങ്ങൾ, ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടിക്കാൻ നടത്തിയ ശ്രമങ്ങൾ, മോഷണങ്ങൾ തടയാൻ നടത്തിയ ശ്രമങ്ങൾ എന്നിവ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.

രാജ്യത്തെ നിരവധി റെയിൽവേ സ്റ്റേഷനുകളിൽ മോദി സെൽഫി പോയിന്റുകൾ സജ്ജമാക്കിയിട്ടുണ്ട്. അമരാവതിയിൽ നിന്നുള്ള സാമൂഹ്യപ്രവർത്തകനായ അജയ് ബോസാണ് വിവരാവകാശ അപേക്ഷ നൽകി സെൽഫി പോയിന്റുകൾക്ക് ചെലവായ തുക പുറംലോകത്തെ അറിയിച്ചത്. മധ്യ റെയിൽവേ, പശ്ചിമ റെയിൽവേ, ദക്ഷിണ റെയിൽവേ, ഉത്തര റെയിൽവേ, ഉത്തര-പശ്ചിമ റെയിൽവേ എന്നീ അഞ്ച് റെയിൽവേ സോണുകളിൽ ഇദ്ദേഹം വിവരാവകാശ അപേക്ഷ നൽകിയിരുന്നു. റെയിൽവേ ഡിവിഷനുകളിൽ നിന്ന് 187 സെൽഫി പോയിന്റുകളെ കുറിച്ചുള്ള വിവരങ്ങളാണ് അജയ് ബോസിന് ലഭിച്ചത്. ഇതിൽ നൂറിലേറെ പോയിന്റുകളും ഉത്തര റെയിൽവേ സോണിന്റെ പരിധിയിലാണ്. എന്നാൽ, മധ്യ റെയിൽവേ ഒഴികെ മറ്റൊരു ഡിവിഷനും സെൽഫി പോയിന്റുകൾക്ക് ചെലവായ തുക എത്രയാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *