‘മോദി മുക്തി ദിവസ്’ ആചരിക്കും; ‘സംവിധാൻ ഹത്യാദിനം’ പ്രഖ്യാപിച്ച നടപടിക്കെതിരെ പ്രതിപക്ഷം

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ജൂൺ 25-ന് ‘സംവിധാൻ ഹത്യാ ദിവസ്’ (ഭരണഘടനാ ഹത്യാദിനം) ആയി ആചരിക്കാൻ തീരുമാനിച്ച കേന്ദ്ര സർക്കാരിനെതിരേ പരിഹാസവുമായി കോൺഗ്രസ്. തന്ത്രപൂർവം തലക്കെട്ട് പിടിച്ചെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറ്റൊരു ശ്രമമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് നേതാവ് ജയ് റാം രമേശ് ആരോപിച്ചു.

‘ഡെമോക്രസി’ (ജനാധിപത്യം) എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ഡെമോ-കുർസി’ (കസേര) എന്നാണെന്നും ജയ് റാം രമേശ് ആരോപിച്ചു. ജീവശാസ്ത്രപരമായി ജന്മമെടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് 2024- ജൂൺ നാലിന് ജനം നൽകിയ രാഷ്ട്രീവും വ്യക്തിപരവും ധാർമ്മികവുമായ തിരിച്ചടി, പത്ത് വർഷം മുമ്പ് അദ്ദേഹം പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ ഭാഗമാണെന്നും ‘മോദി മുക്തി ദിവസ്’ ആയി ഈ ദിനം ആചരിക്കുമെന്നും ജയ് റാം രമേശ് കൂട്ടിച്ചേർത്തു.

ഇന്ത്യ സഖ്യത്തിലെ മറ്റു നേതാക്കളും ബിജെപിക്കെതിരേ രംഗത്തെത്തി. ഭരണഘടനയെ തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും മുമ്പിൽ ഒരു കണ്ണാടി സൂക്ഷിക്കുന്നത് നല്ലതാണെന്നും ആർജെഡി നേതാവ് മനോജ് ഝാ പറഞ്ഞു.

നാല് സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുകയാണ്. അതുകൊണ്ട് തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് ജെഎംഎം എംപി മഹുവ മാജി പറഞ്ഞു. 1975-ലെ അടിയന്തരാവസ്ഥയിൽ കോൺഗ്രസിനോട് പൊറുക്കാനാകുന്നില്ലെങ്കിൽ നിലവിലെ സാഹചര്യത്തിൽ ബിജെപിയോടും പൊറുക്കാൻ സാധിക്കില്ലെന്ന് സമാജ്വാദി പാർട്ടി നേതാവ് ഫഖ്‌റുൽ ഹസൻ ചന്ദ് പറഞ്ഞു. ഭരണഘടനയുടെ ആത്മാവ് ഇല്ലാതാക്കിയ അടിയന്തരാവസ്ഥയുടെ ഓർമ്മയ്ക്കായി ‘സംവിധാൻ ഹത്യാദിനം’ ആചരിക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *