മോദിയെ വാരാണസിയിൽ കാണാറില്ല: വിമർശിച്ച് കോൺഗ്രസ് സ്ഥാനാർഥി

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും മണ്ഡലത്തിൽ കാണാറില്ലെന്ന് ഉത്തർപ്രദേശ് പിസിസി അധ്യക്ഷനും കോൺഗ്രസ് സ്ഥാനാർഥിയുമായ അജയ് റായ്. മണ്ഡലത്തിലെ ജനങ്ങളുമായി മോദിക്ക് യാതൊരു ബന്ധവുമില്ലെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘‘നേരത്തെയുള്ള ബിജെപിയും ഇന്നത്തെ ബിജെപിയും തമ്മിൽ വലിയ അന്തരമുണ്ട്. നേരത്തെ ഒരാൾക്ക് മുഖ്യമന്ത്രിമാരെ വഴിയിൽ നിർത്തി സംസാരിക്കാമായിരുന്നു, എന്നാൽ ഇന്നത്തെ മുഖ്യമന്ത്രിമാരോട് അങ്ങനെ കഴിയില്ല. ബനാറസിൽ നിന്നുള്ള ഒരു പ്രവർത്തകനും മോദിയെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. റോഡിൽ തടഞ്ഞുനിർത്തി അദ്ദേഹത്തോട് സംസാരിക്കേണ്ട സ്ഥിതിയാണ്.

ഇതാണ് മോദിയുടെ ബിജെപി. രാഷ്ട്രീയക്കാരല്ല, കോർപ്പറേറ്റുകളാണു ആ പാർട്ടി നടത്തുന്നത്. വാരാണസിയിലെ സ്ഥാനാർഥിയെ സംബന്ധിച്ച സസ്പെൻസ് കഴിഞ്ഞു. അമേഠിയിലും റായ്ബറേലിയിലും ആര് സ്ഥാനാർഥിയാകുമെന്നുള്ളതാണ് അടുത്ത സസ്പെൻസ്. ഗാന്ധി കുടുംബത്തിൽ നിന്നുള്ളവരെ രണ്ടു മണ്ഡലങ്ങളിലെയും ജനം അവിടെ പ്രതീക്ഷിക്കുന്നുണ്ട്’’– അജയ് റായ് പറഞ്ഞു. മൂന്നാമത്തെ തവണയാണ് അജയ് റായ് മോദിക്കെതിരെ മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *