മൊബൈലില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു, ഒരു ലക്ഷം പോയെന്ന പരാതിയുമായി നടി നഗ്മ

നടിയും കോൺഗ്രസ് നേതാവുമായ നഗ്‌മ സൈബർ തട്ടിപ്പിനിരയായി. ഒരു ലക്ഷം രൂപയാണു താരത്തിനു നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ (കെവൈസി) അപ്ഡേറ്റ് ചെയ്യാനായി ഫോണിൽ വന്ന എസ്എംഎസിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടപ്പെട്ടത്. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ തന്റെ മൊബൈൽ ഫോണിന്റെ റിമോട്ട് ആക്സസ് തട്ടിപ്പുകാർക്ക് ലഭിക്കുകയായിരുന്നുവെന്ന് നഗ്‌മ പറഞ്ഞു.

ബാങ്ക് അക്കൗണ്ടിൽ ലോഗിൻ ചെയ്ത തട്ടിപ്പുകാർ ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. ഒന്നിലധികം ഒടിപികൾ ലഭിച്ചെങ്കിലും ആരുമായും അവ പങ്കുവച്ചിട്ടില്ലെന്ന് നടി പറയുന്നു. സന്ദേശം ബാങ്ക് അയച്ചതെന്ന് കരുതിയാണ് ക്ലിക്ക് ചെയ്തത്. അപരിചിത നമ്പറിൽ നിന്നല്ല, സാധാരണ ബാങ്കുകൾ അയയ്ക്കുന്ന രീതിയിലായിരുന്നു മെസേജ്. ക്ലിക്ക് ചെയ്തുകഴിഞ്ഞ് പണം നഷ്ടമായതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും നടി പറഞ്ഞു.

നടി മാളവിക (ശ്വേത മേനോൻ) തട്ടിപ്പിനിരയായ വാർത്ത വന്നതിന് പിന്നാലെയാണ് നഗ്‌മയും പരാതി നൽകിയത്. തെന്നിന്ത്യൻ, ഭോജ്പുരി സിനിമകളിലും ബോളിവുഡ് സിനിമയിലും സജീവമായിരുന്ന നഗ്‌മ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ മീററ്റിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായിരുന്നു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായിരിക്കെ ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

പാൻ കാർഡ്, ആധാർ കാർഡ്, കെവൈസി അപ്ഡേഷൻ, വൈദ്യുതി ബിൽ പേയ്മെന്റ് എന്നിവയടക്കം വിവിധ സഹായങ്ങൾ വാഗ്ദാനം ചെയ്ത് എത്തുന്നവരാണു ലക്ഷങ്ങൾ തട്ടുന്നത്. മൊബൈൽ ഫോണിൽ വരുന്ന എസ്എംഎസിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് രണ്ടാഴ്ചയ്ക്കിടെ നഗരത്തിൽ നൂറിലേറെപ്പേർക്കാണ് പണം നഷ്ടപ്പെട്ടത്. കറന്റ് ബിൽ അടയ്ക്കാൻ സഹായം വാഗ്ദാനം ചെയ്തും ബിൽ ഉടൻ അടച്ചില്ലെങ്കിൽ കണക്‌ഷൻ വിഛേദിക്കുമെന്നു പറഞ്ഞും കഴിഞ്ഞ 6 മാസത്തിനിടെ 150 തട്ടിപ്പുകേസുകൾ ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *