പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൈസൂരു കൊട്ടാരത്തിന്റെ രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതം നിരോധിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു. മൈസൂരു ജില്ലാ ചുമതലയുള്ളമന്ത്രി എച്ച്.സി. മഹാദേവപ്പയാണ് ഇത്തരമൊരു പദ്ധതിയുള്ള വിവരം ശനിയാഴ്ച പുറത്തുവിട്ടത്.
‘സീറോ ട്രാഫിക് സോണ്‍’ എന്ന പേരിലാണ് ഇക്കാര്യം നടപ്പാക്കാന്‍ ആലോചിക്കുന്നത്. ഇതുപ്രകാരം കൊട്ടാരത്തിനുചുറ്റും ഒരുതരത്തിലുള്ള ഗതാഗതവും അനുവദിക്കില്ല. വാഹനപാര്‍ക്കിങ്ങിനായി ടൗണ്‍ഹാളില്‍ സൗകര്യമേര്‍പ്പെടുത്തും. അതേസമയം, ഗതാഗതം നിരോധിക്കാനുള്ള കാരണത്തെക്കുറിച്ച് മന്ത്രി വ്യക്തമാക്കിയിട്ടില്ല. നിലവില്‍, ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെ നടക്കുന്നതാണ് കൊട്ടാരത്തിനുള്ള ചുറ്റുമുള്ള റോഡുകള്‍. പദ്ധതി നടപ്പാക്കുകയാണെങ്കില്‍ ബസ് സര്‍വീസുകള്‍ വഴിതിരിച്ചുവിടേണ്ടിവരും.
സാധാരണഗതിയില്‍ രണ്ട് സാഹചര്യങ്ങളിലാണ് ‘സീറോ ട്രാഫിക് സോണ്‍’ ഏര്‍പ്പെടുത്താറുള്ളത്. വി.വി.ഐ.പി. കളുടെ സന്ദര്‍ശനവേളയാണ് ആദ്യത്തേത്. വി.വി.ഐ.പി. കളുടെ വാഹനവ്യൂഹം കടന്നുപോകുന്നതുവരെ റോഡില്‍ പൊതുഗതാഗതം പൂര്‍ണമായി വിലക്കും. മുഴുവന്‍ സമയത്തേക്കും ഗതാഗതം നിരോധിക്കുന്നതാണ് രണ്ടാമത്തേത്. കാല്‍നടയാത്ര സുരക്ഷിതമാക്കാനാണ് ഇത്തരത്തില്‍ മുഴുവന്‍ സമയവും ഗതാഗതം നിരോധിക്കുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി പ്രതിദിനം ആയിരക്കണക്കിന് സന്ദര്‍ശകരെത്തുന്നയിടമാണ് നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന മൈസൂരു കൊട്ടാരം. നിലവില്‍, കൊട്ടാരവളപ്പിലാണ് വാഹനപാര്‍ക്കിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊട്ടാരം കാണാനെത്തുന്ന സന്ദര്‍ശകര്‍ ഇവിടെ വാഹനം പാര്‍ക്കുചെയ്തശേഷമാണ് കൊട്ടാരത്തിലേക്ക് എത്തുക.