മുഖത്ത് ഏറ്റവുമധികം രോമമുള്ള പുരുഷനെന്ന ഗിന്നസ് ലോക റെക്കോഡ് നേടി 18 വയസുള്ള ഇന്ത്യക്കാരൻ. ഒരു ചതുരശ്ര സെന്റിമീറ്ററിൽ 201.72 രോമങ്ങളുള്ള ലളിത് പട്ടീദാർ ആണ് റെക്കോഡ് സ്വന്തമാക്കിയത്. ഹൈപ്പർട്രൈക്കോസിസ് എന്ന അപൂർവ രോഗാവസ്ഥ കാരണമാണ് ലളിതിന്റെ മുഖത്തിന്റെ 95 ശതമാനവും രോമങ്ങൾകൊണ്ട് നിറഞ്ഞത്. ഇതിനെ ‘വെർവുൾഫ് സിൻഡ്രോം’ എന്നും വിളിക്കുന്നു. ലോകത്തിൽ ഇതുവരെ 50 കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
അപൂർവ രോഗാവസ്ഥ കാരണം കുട്ടിക്കാലം മുതൽ തന്നെ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ലളിതിന് നേരിടേണ്ടി വന്നിട്ടുണ്ട്. സഹപാഠികൾ തന്നെ ഭയപ്പെട്ടിരുന്നതായും യുവാവ് പറയുന്നു. കാലക്രമേണ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് അവരെപ്പോലൊരു മനുഷ്യൻ തന്നെയാണ് താനെന്ന് സഹപാഠികൾ മനസിലാക്കി. പുറമേ മാത്രമാണ് വ്യത്യാസം, പക്ഷേ ഉള്ളിൽ താൻ വ്യത്യസ്‌നല്ലെന്നും ലളിത് പറഞ്ഞു.
‘ആദ്യമൊക്കെ ഒരുപാടുപേർ മോശമായി പെരുമാറിയിരുന്നു. എന്നാൽ ഇന്ന് അത്തരം സന്ദർഭങ്ങൾ അപൂർവമാണ്. മിക്ക ആളുകളും സാധാരണ പോലെയാണ് പെരുമാറുന്നത്. ഓരോ വ്യക്തികളെ അനുസരിച്ചാണ്, ദയയില്ലാതെ സംസാരിക്കുന്ന അപൂർവം ചിലരുണ്ട്. മുഖത്തെ രോമം നീക്കം ചെയ്യണമെന്ന് പലരും പറയാറുണ്ട്. എനിക്ക് എന്നെ ഇഷ്‌ടമാണ്. രൂപം മാറ്റാൻ ഞാനാഗ്രഹിക്കുന്നില്ല’, ലളിത് വ്യക്തമാക്കി.
ലോക റെക്കോഡ് മാത്രമല്ല, ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷക്ഷണക്കിന് ഫോളോവേഴ്‌സ് ലളിതിനുണ്ട്. ഇതിലൂടെ വ്ലോഗുകളും അദ്ദേഹം ചെയ്യുന്നുണ്ട്. ഇതിനെല്ലാം കുടുംബത്തിന്റെ പൂർണ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നുണ്ടെന്നും ലളിത് പറഞ്ഞു. ലോകം ചുറ്റി സഞ്ചരിച്ച് വ്യത്യസ്‌തമായ സംസ്‌കാരങ്ങൾ മനസിലാക്കണമെന്നതാണ് ലളിതിന്റെ ഏറ്റവും വലിയ ആഗ്രഹം.