മുംബൈയിൽ കൊല്ലപ്പെട്ട ഹനീഫയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഗുണ്ടാസംഘത്തിന്‍റെ മ‍ർദ്ദനമേറ്റ് ചികിത്സയിൽ കഴിയവേ മരിച്ച കാസർകോട് സ്വദേശി ഹനീഫയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്. മർദ്ദനം നടന്ന് 3 ആഴ്ച കഴിഞ്ഞിട്ടും അനങ്ങാതിരുന്ന പൊലീസ്, ഹനീഫയുടെ മരണ ശേഷമാണ് ഇന്നലെ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസിൽ മുഖ്യപ്രതിയായ നൂറൽ അമീൻ ഷെയ്ക്കിനെ രാത്രിയോടെ എംആർഎ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. മുംബൈ കേരളാ മുസ്ലീം ജമായത്തിന്‍റെയും മലയാളി സംഘടനകളുടേയും നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധത്തെ തുടർന്നായിരുന്നു നടപടി.

ഹനീഫയെ ഗുണ്ടാസംഘം ക്രൂരമായി മർദ്ദിച്ചത് ഡിസംബ‍ർ ആറിനാണ്. ഗുരുതര പരിക്കേറ്റ ഹനീഫ മൂന്നാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഇന്നലെ കുഴഞ്ഞു വീണു മരിച്ചത്. ഹോട്ടൽ നടത്തിപ്പിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പത്തിലധികം പേർ ഹനീഫയെ ആക്രമിച്ചത്.  ചികിത്സക്കിടെ ഹൃദയാഘാതം ഉണ്ടായതോടെ ഹനീഫയെ ആഞ്ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തത്. ഇന്നലെ രാവിലെ വീട്ടിലെ ശുചിമുറിയിൽ ഹനീഫ കുഴഞ്ഞ് വീണു. ആശുപത്രിയിലെത്തിക്കും മുൻപ് മരണപ്പെട്ടു.

മുംബൈയിലെ എംആർഎ പൊലീസ് സ്റ്റേഷനിൽ ഹനീഫയ്ക്ക് നേരെ ആക്രമണമുണ്ടായ ദിവസം തന്നെ ബന്ധുക്കൾ പരാതി നൽകിയിരുന്നു.  മുഖ്യ പ്രതിയായ നൂറുൽ ഇസ്ലാം അടക്കമുള്ളവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും  പൊലീസിന് നൽകിയിരുന്നു. എന്നാൽ പൊലീസ് എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തില്ല. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടക്കം നടപടി എടുക്കാതെ മൃതദേഹം മറവ് ചെയ്യില്ലെന്ന് മുംബൈ കേരളാ മുസ്ലീം ജമായത്ത് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായത്.

ഹനീഫയുടെ മൃതദേഹത്തിൽ മ‍ർദ്ദനമേറ്റതിൻറെ പാടുകളുണ്ട്. പ്രതിഷേധത്തെ തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾ ചിത്രീകരിക്കാൻ പൊലീസ് തീരുമാനിച്ചു. മുംബൈയിൽ വർഷങ്ങളായി വാടകയ്ക്കെടുത്ത കെട്ടിടത്തിൽ ഹോട്ടൽ നടത്തുകയായിരുന്നു ഹനീഫ. ഡിപ്പോസിറ്റ് തുക പോലും നൽകാതെ ഇറക്കി വിടാൻ ശ്രമിച്ചപ്പോൾ നിയമനടപടിക്കൊരുങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹനീഫ പറഞ്ഞിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *