മാർഗനിർദേശങ്ങൾ ലംഘിച്ചു; ന്യായ് യാത്രയ്‌ക്കെതിരെ അസമിൽ കേസ്

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരേ അസം പോലീസ് കേസെടുത്തു. യാത്ര സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജോർഹട് പോലീസ് സംഘാടകർക്കെതിരേ സ്വമേധയാ കേസെടുത്തത്. അനുവദിച്ചിരുന്നതിൽനിന്ന് ഭിന്നമായ റൂട്ടിലാണ് യാത്ര കടന്നുപോയതെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മുൻകൂട്ടി അറിയിക്കാതെ യാത്രാപഥം മാറ്റിയത് ഗതാഗതം താറുമാറാക്കിയെന്നും ബാരിക്കേഡുകൾ മറികടന്ന് ജനങ്ങൾ പോലീസിനെ ആക്രമിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയെന്നും പോലീസ് പറയുന്നു. പ്രദേശത്ത് ‘കലാപസമാനമായ’ അന്തരീക്ഷമുണ്ടാക്കാൻ ഇത് ഇടയാക്കി. സംഘാടകനായ കെ.ബി. ബൈജുവിന്റെ നേതൃത്വത്തിൽ ജനങ്ങളെ ഇളക്കിവിടുന്നതിന് ഗൂഢാലോചന നടത്തിയെന്നും പോലീസ് ആരോപിക്കുന്നു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തിൽ പ്രവേശിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യാഴാഴ്ച ഭീഷണി മുഴക്കിയിരുന്നു. ഗുവാഹത്തി നഗരത്തിൽ ആശുപത്രികളും സ്‌കൂളുകളുമുണ്ട്. പ്രശ്നങ്ങൾ ഉണ്ടാകും എന്നതിനാൽ ബജെപി പോലും ഗുവാഹത്തി നഗരത്തിൽ പരിപാടികൾ സംഘടിപ്പിക്കാറില്ല. രാഹുൽ ഗാന്ധി നഗരത്തിൽകൂടി യാത്രചെയ്താൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാൻഡിൽനിന്ന് കഴിഞ്ഞ ദിവസം അസമിൽ പ്രവേശിച്ചിരുന്നു. ജനുവരി 25 വരെയാണ് അസമിൽ രാഹുലിന്റെ പര്യടനം.

Leave a Reply

Your email address will not be published. Required fields are marked *