മാന്യതയും ധാർമ്മികതയും പാലിച്ച് പോഡ്‌കാസ്റ്റ് പുനരാരംഭിക്കാം; യൂട്യൂബർ രൺവീർ അലഹബാദിയയ്ക്ക് സുപ്രീം കോടതി നിർദ്ദേശം

മാന്യതയും ധാർമ്മികതയും പാലിച്ച് യൂട്യൂബർ രൺവീർ അലഹബാദിയയ്ക്ക് തന്‍റെ പോഡ്‌കാസ്റ്റ് പുനരാരംഭിക്കാമെന്ന് സുപ്രീംകോടതി. പോഡ്‌കാസ്റ്റ് തുടങ്ങാൻ അനുവദിക്കണമെന്ന് അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. ഓൺലൈൻ മീഡിയയുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കണമെന്ന് കേന്ദ്രത്തോട് കോടതി നിർദ്ദേശിച്ചു.

ഒടിടി ഷോയിൽ അശ്ലീല പരാമർശം നടത്തിയ രൺവീർ അലഹബാദിക്കെതിരെ കടുത്ത വിമർശനമാണ് നേരത്തെ സുപ്രീംകോടതി ഉന്നയിച്ചത്. കേസുകളിൽ ജാമ്യം നൽകിയെങ്കിലും ഇയാളുടെ പോഡ്കാസ്റ്റിന് കോടതി അനുവാദം നൽകിയിരുന്നു. ഏകദേശം 200 ജീവനക്കാരുടെ ഉപജീവനമാർഗ്ഗം തന്റെ പോഡ്കാസ്റ്റിനെ ആശ്രയിച്ചാണെന്നും ഇതിനാൽ ഇത് വീണ്ടും തുടങ്ങാൻ അനുവാദം നൽകണമെന്നും രണവീർ അപേക്ഷിച്ചു. തുടർന്നാണ് ഷോ തുടങ്ങാൻ കോടതി അനുവാദം നൽകിയത്. 

എന്നാൽ മാന്യതയും നിയന്ത്രണവും പാലിച്ചേ പരിപാടി നടത്താവൂ എന്നും പരിധിവിട്ട പരാമർശം നടത്തിയാൽ അത് ജാമ്യത്തെ ബാധിക്കുമെന്നും കോടതി ഓർമ്മപ്പെടുത്തി. ഇതിനിടെ അലബാദിയുടെ കേസിൽ കോടതി സ്വീകരിച്ച നടപടിയെ വിമർശിച്ചുള്ള ലേഖനങ്ങൾ പരാമർശിച്ച ജസ്റ്റിസ് സൂര്യകാന്ത് ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്ന് വ്യക്തമാക്കി. കേസിലെ മറ്റൊരു പ്രതി കാനഡയിൽ നടത്തിയ ഷോയിൽ കോടതിയെ പരിഹസിച്ചതായി അറിഞ്ഞെന്നും കോടതിയുടെ അധികാരപരിധി എന്താണെന്ന് ഓർക്കണമെന്നും ജസ്റ്റിസ് സൂര്യകാന്ത് ഓർമ്മപ്പെടുത്തി. 

യുവാക്കളായതിനാൽ മറ്റു നടപടികളിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. അതെസമയം മൗലികാവകാശങ്ങളെ ബാധിക്കാത്ത രീതിയിൽ ഓൺലൈനുകളെ നിയന്ത്രിക്കാൻ ഫലപ്രദമായ നടപടിയുണ്ടാകണമെന്നും ഇതിനായി കരട് തയ്യാറാക്കി അഭിപ്രായം തേടണമെന്നും കേന്ദ്രത്തോട് കോടതി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *