മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്

മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും.

ഡല്‍ഹി സാകേത് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. നാല് പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റവും ഒരാള്‍ക്ക് മക്കോക്ക നിയമപ്രകാരവും കുറ്റം ചുമത്തി. 

15 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. 2008 സെപ്റ്റംബര്‍ 30നാണ് സൗമ്യ കൊല്ലപ്പെടുന്നത്. ഡല്‍ഹിയില്‍ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്ലൈൻസ് ടുഡേ’ ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തക മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാല്‍, മൃതദേഹപരിശോധനയില്‍ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തിയത് കേസില്‍ വഴിത്തിരിവായി. കവര്‍ച്ച ലക്ഷ്യമിട്ടാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് രവി കപൂര്‍,അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് കുമാര്‍, അജയ് സേത്തി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യംനടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് കേസിലെ പ്രതികളെ പൊലീസ് പിടികൂടുന്നത്. പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനായെന്ന് ജഡ്ജി നിരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *