മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരാതി നൽകി ബിജെപി

ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരാതി നൽകി ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ ഉദ്ധവ് താക്കറെ വാർത്താസമ്മേളനം നടത്തി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുന്നത്. മുബൈയിലുൾപ്പെടെ വോട്ടെടുപ്പ് നടക്കവേയാണ് ഉദ്ധവ് വാർത്താസമ്മേളനം നടത്തിയത്.

മുംബൈയിൽ പലയിടത്തും പോളിങ് നടപടികൾ വൈകുന്നുണ്ടെന്നും നരേന്ദ്ര മോദി സർക്കാരിന്റെ നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് ബോധപൂർവം ചെയ്യുകയാണെന്നും ആരോപിച്ച് ഉദ്ധവ് വൈകിട്ട് 5 മണിയോടെയാണ് മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. പ്രതിപക്ഷം ശക്തമായ പ്രദേശങ്ങളിൽ വോട്ടെടുപ്പ് മന്ദഗതിയിലാകുന്നത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ ആശിഷ് ഷെലാറാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കവേ വാർത്താസമ്മേളനം നടത്തിയ ഉദ്ധവിന്റെ നടപടി പെരുമാറ്റ ചട്ട ലംഘനമാണെന്ന്ക്കാണിച്ച് കമ്മീഷന് പരാതി നൽകിയത്. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പിന്റെ ഗതി മാറ്റാനാണ് ഉദ്ധവ് ശ്രമിക്കുന്നതെന്ന് ഷെലാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *